ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യുജി 2023 പരീക്ഷയില്‍ കേരളത്തിന് അഭിമാന നേട്ടം. പരീക്ഷയില്‍ കോഴിക്കോട് സ്വദേശിനി ആര്‍ എസ് ആര്യ 23-ാം റാങ്ക് നേടി. 711 മാര്‍ക്ക് നേടിയ ആര്യയ്ക്കാണ് കേരളത്തില്‍ ഒന്നാം റാങ്ക്. പരീക്ഷയെഴുതിയ 20.38 ലക്ഷം വിദ്യാര്‍ഥികളില്‍ 11.45 ലക്ഷം വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. ആദ്യ 50 റാങ്കുകളിൽ 40ഉം ആൺകുട്ടികളാണ്.
മികച്ച സ്കോർ പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തിൽ ഒന്നാമതാകുമെന്ന് കരുതിയില്ലെന്നും ആര്യ പ്രതികരിച്ചു. 720ൽ 711 മാർക്കാണ് ആര്യ നേടിയത്. പൊലീസ് ഉദ്യാഗസ്ഥനായ രമേശ് ബാബുവിന്റെയും ഷൈമയുടെ മകളാണ്. താമരശേരി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം, കഴിഞ്ഞ ഒരു വര്‍ഷമായി നീറ്റ് പരിശീലനം നടത്തിവരികയായിരുന്നു.
99.99 ശതമാനം സ്കോറോടെയാണ് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തമിഴ്നാട്ടിൽ നിന്നുള്ള പ്രബഞ്ജനും ആന്ധ്രാ പ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തിക്കുമാണ് ഒന്നാം റാങ്ക്. തമിഴ്‌നാട് സ്വദേശി കൗസ്തവ് ബൗരിക്കാണ് മൂന്നാം റാങ്ക്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ യോഗ്യത നേടിയത് ഉത്തർപ്രദേശിൽ നിന്നാണ്–1.39 ലക്ഷം പേർ. രണ്ടാം സ്ഥാനം മഹാരാഷ്ട്ര ( 1.31 ലക്ഷം)യ്ക്കും മൂന്നാം സ്ഥാനം രാജസ്ഥാനുമാണ് ( ഒരു ലക്ഷം).
ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം https://neet.nta.nic.in എന്ന ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. ഈ പരീക്ഷാഫലത്തിന് പുതിയ വ്യവസ്ഥകൾ ബാധകമല്ല. ഒരേ മാർക്കു വന്നാൽ ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്ന മുൻഗണനാക്രമത്തിൽ മാർക്ക് നോക്കിയാകും റാങ്ക് നിശ്ചയിക്കുക. 3 വിഷയങ്ങളിലും ഒരേ മാർക്കാണെങ്കിൽ ഇതേ ക്രമത്തിൽ ഓരോ വിഷയത്തിലും ശരിയുത്തരങ്ങളുടെ അനുപാതം കൂടുതലുള്ളയാൾക്ക് ഉയർന്ന റാങ്ക് നൽകും.