നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി 80 ലക്ഷം തട്ടി; യുട്യൂബ് വ്ലോഗ‍ർ അറസ്റ്റിൽ

സ്വകാര്യ പരസ്യ കമ്പനി ഉടമയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യൂട്യൂബ് വ്ലോഗറായ യുവതി അറസ്റ്റിൽ. ഡൽഹി സ്വദേശിനിയായ നമ്ര ഖാദിറിനെ (22) ആണ് ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നമ്രയുടെ ഭർത്താവും യൂട്യൂബറുമായ മനീഷ് എന്നറിയപ്പെടുന്ന വിരാട് ബെനിവാലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷത്തിലധികവും യൂട്യൂബിൽ ആറു ലക്ഷത്തിലധികവും ഫോളോവേഴ്സുള്ള വ്ലോഗറാണ് നമ്ര ഖാദിർ.

ബാദ്ഷാപുർ സ്വദേശിയായ ദിനേഷ് യാദവ് (21) എന്ന യുവാവാണ് ഓഗസ്റ്റിൽ ദമ്പതികൾക്കെതിരെ പരാതി നൽകിയത്. എന്നാൽ മുൻകൂർ ജാമ്യത്തിനായി ഇവർ കോടതിയെ സമീപിച്ചു. കഴിഞ്ഞ മാസം 26ന് കോടതി ഇടക്കാല ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് പൊലീസ് നമ്രയെ അറസ്റ്റ് ചെയ്തത്. എന്നാൽ ഒളിവിൽ പോയ മനീഷിനെ പിടികൂടാൻ സാധിച്ചില്ല. നമ്ര കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇവരെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പരസ്യ സ്ഥാപനം നടത്തുന്ന തന്നെ ഒരു ഹോട്ടലിൽ വച്ചാണ് നമ്രയും ഭർത്താവും പരിചയപ്പെടുന്നതെന്ന് ദിനേഷ് യാദവ് പരാതിയിൽ പറയുന്നു. യൂട്യൂബ് വിഡിയോകൾ കണ്ട് ഇരുവരെയും നേരത്തെ അറിയാമായിരുന്നു. ഇവരുടെ ചാനൽ വഴി തന്‍റെ സ്ഥാപനം പ്രമോട്ട് ചെയ്യുന്നതിന് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. സെലിബ്രറ്റികളായതിനാൽ സംശയം തോന്നാതിരുന്നതിനെ തുടർന്ന് അന്നുതന്നെ പണം കൈമാറി. പിന്നീട് ചില പരസ്യങ്ങൾ ചെയ്യുന്നതിന് 50,000 രൂപ ചോദിക്കുകയും അത് നൽകുകയും ചെയ്തു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം നമ്ര തന്നോട് ഇഷ്ടം പ്രകടിപ്പിക്കുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. ‘‘ഓഗസ്റ്റിൽ ഞാൻ നമ്രയ്ക്കും മനീഷിനുമൊപ്പം ഒരു ക്ലബ്ബിൽ പാർട്ടിക്ക് പോയി. അമിതമായി മദ്യപിക്കാൻ എന്നെ പ്രേരിപ്പിച്ചു. രാത്രി ഏറെ വൈകി ഞങ്ങൾ അവിടെ ഒരു മുറി ബുക്ക് ചെയ്തു. പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നപ്പോൾ നമ്ര എന്‍റെ ബാങ്ക് കാർഡും സ്മാർട്ട് വാച്ചും പിടിച്ചു വാങ്ങി. നഗ്നദൃശ്യങ്ങൾ കാണിച്ച്, എന്നെ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് അവൾ ഭീഷണിപ്പെടുത്തി.’’– പരാതിയിൽ പറയുന്നു.

ഇതിനുശേഷം 80 ലക്ഷത്തിലധികം രൂപയും സമ്മാന സാമഗ്രികളും നമ്ര തട്ടിയെടുത്തതായും ദിനേഷ് ആരോപിച്ചു. തന്‍റെ അക്കൗണ്ടിലെ പണം തീർന്നപ്പോൾ അഞ്ച് ലക്ഷം രൂപ പിതാവിന്‍റെ അക്കൗണ്ടിൽനിന്നും നൽകി. ഇതിനു പിന്നാലെ പിതാവിന്‍റെ നിർദേശപ്രകാരമാണ് പൊലീസിൽ പരാതിയിൽ നൽകിയതെന്നും ദിനേഷ് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *