ദില്ലിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. പ്രൈമറി സ്കൂളുകൾ ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പത്രസമ്മേളനത്തിൽ അറിയിച്ചു.
അഞ്ചുവരെയുള്ള ക്ലാസുകളാണ് ഓൺലൈനായി നടന്നത്. അഞ്ചാംക്ലാസിന് മുകളിലുള്ള ക്ലാസുകളിലെ താത്കാലികമായി നിർത്തിവെച്ച കായികമത്സരങ്ങൾ ഉൾപ്പെടെയുള്ള ഔട്ട്ഡോർ പ്രവർത്തനങ്ങളും ബുധനാഴ്ച പുനരാരംഭിക്കും. സർക്കാർ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാരുടെ വർക്ക് ഫ്രം ഹോമും നിർത്തലാക്കി. ഓഫിസുകൾ പൂർണതോതിൽ പ്രവർത്തിക്കും.
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ട്രക്കുകൾ ഡൽഹിയിലേക്ക് പ്രവേശിപ്പിക്കാതെ ദേശീയപാതകളിൽവെച്ചുതന്നെ വഴിതിരിച്ചുവിടുന്നത് അവസാനിപ്പിച്ചു. ട്രക്കുകൾ ഡൽഹിയിലേക്ക് കടത്തിവിടും.
ദേശീയപാതകൾ, മേൽപ്പാലങ്ങൾ, പൈപ്പ് ലൈൻ, വൈദ്യുതിയുമായി ബന്ധപ്പെട്ട നിർമാണങ്ങൾ എന്നിവയുടെ വിലക്ക് നീക്കി. എന്നാൽ സ്വകാര്യ കമ്പനികൾക്ക് നിർമാണത്തിനും പൊളിക്കലിനുമുള്ള നിരോധനം തുടരും.
ബി.എസ്. -നാല് വിഭാഗത്തിൽ ഉൾപ്പെടാത്ത ചെറിയ ഡീസൽ മോട്ടോർ വാഹനങ്ങളുടെയും ബിഎസ്.-മൂന്ന് പെട്രോൾ വാഹനങ്ങളുടെയും വിലക്കും തുടരും. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനായി ‘പര്യവരൺ ബസ് സർവീസ്’ സർക്കാർ ആരംഭിക്കും. ഇതിന്റെ ഭാഗമായി 500 സി.എൻ.ജി. ബസുകൾ അധികമായി നിരത്തിലിറക്കും. തലസ്ഥാനത്തെ ചന്തകളുടെയും ഓഫീസുകളുടെയും പ്രവർത്തനസമയവും സമയക്രമവും പരിഗണിച്ച് നിർദിഷ്ട ആക്ഷൻ പ്ലാൻ തയ്യാറാക്കും. ഇതിന് റവന്യൂ കമ്മിഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
രാത്രികാലങ്ങളിലും മറ്റും കാവൽ നിൽക്കുന്ന സുരക്ഷാ ജീവനക്കാർ കൽക്കരി, വിറക് എന്നിവ കത്തിക്കുന്നത് തടയാൻ അവർക്ക് ഇലക്ട്രിക് ഹീറ്റർ നൽകാൻ റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്കും നിർദേശമുണ്ട്.
തലസ്ഥാനത്തെ വ്യവസായ മേഖലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡൽഹി മലിനീകരണ നിയന്ത്രണ സമിതി പതിമൂന്ന് സംഘങ്ങളെയാണ് വിന്യസിച്ചത്. മലിനീകരണം കൂടുതലുള്ള ഹോട്ട്സ്പോട്ടുകളിൽ അന്തരീക്ഷ മലിനീകരണം തടയാൻ പ്രത്യേക ദൗത്യസേനയും പ്രവർത്തിക്കും.