രാജ്ഭവനിലെ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ച കത്ത് സര്‍ക്കാർ പുറത്തുവിട്ടു. ഗവർണറുമായുള്ള തർക്കം രൂക്ഷമായിരിക്കുന്നതിനിടയിലാണ്, 2020 ഡിസംബർ 29ന് ഗവർണർ അയച്ച കത്ത് പുറത്തുവരുന്നത്.
രാജ്ഭവനിൽ ജോലി ചെയ്യുന്ന കുടുംബശ്രീയുടെ 20 ജീവനക്കാർക്ക് വളരെ തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെന്നും താഴ്ന്ന സാമ്പത്തിക പശ്ചാത്തലമുള്ള ഇവരെ സ്ഥിരപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. രാജ്ഭവനിൽ 45 താൽക്കാലിക ജീവനക്കാരാണുള്ളതെന്ന് കത്തിൽ പറയുന്നുണ്ട്. ഇതിൽ 20 പേർ നാലു മുതൽ ഒൻപതുവർഷം വരെ രാജ്ഭവനിൽ സേവനം അനുഷ്ഠിച്ചു വരികയാണ്. ഇവരെ വെയ്റ്റർ, ഗാർഡനർ, സ്വീപ്പർ, ഫീമെയിൽ അറ്റൻഡന്‍റ്, ടെലഫോൺ അറ്റൻഡർ തുടങ്ങിയ സ്ഥിരം തസ്തികളിൽ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
22 വർഷമായി ജോലി ചെയ്യുന്ന രാജ്ഭവനിലെ ഫൊട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ഗവർണർ കത്തിൽ സൂചിപ്പിച്ചു. 20 ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ, ഫൊട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താൻ 2022 ഫെബ്രുവരി 17ന് ഉത്തരവിറക്കി. ഇതിനായി 27,800–59,400രൂപ സ്കെയിലിൽ ഫൊട്ടോഗ്രാഫറുടെ തസ്തിക സൃഷ്ടിച്ചു. എസ്എസ്എൽസിയാണ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചത്.
ഫൊട്ടോഗ്രാഫിയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയമായിരുന്നു യോഗ്യത. ഗവർണറുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കുന്നതെന്ന് പൊതുഭരണ സെക്രട്ടറി ജ്യോതിലാൽ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കത്ത് പുറത്തുവന്നതോടെ ഫൊട്ടോഗ്രാഫർക്കായി പുതിയ തസ്തിക സൃഷ്ടിച്ചിട്ടില്ലെന്നും ഫൈസര്‍ അസിസ്റ്റന്‍റ് എന്ന പേരില്‍ നേരത്തേ തസ്തിക ഉണ്ടായിരുന്നുവെന്നും രാജ്ഭവന്‍ വിശദീകരിച്ചു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെട്ടത് ജീവനക്കാരുടെ കുറവുമൂലമാണ്. ഇവരെ നിയമിച്ചത് മുന്‍ ഗവര്‍ണറുടെ കാലത്തെന്നും രാജ്ഭവൻ വിശദീകരിക്കുന്നു.