സുപ്രീം കോടതിയുടെ 50–ാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നലെ വിരമിച്ച യു.യു.ലളിതിന് പിൻഗാമിയായാണ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് എത്തുന്നത്. ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേഹത്തിന് രണ്ടു വർഷം ലഭിക്കും. 2024 നവംബർ 10നാണു വിരമിക്കുക.
ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡിന്‍റെ മകനാണ്. ഏഴു വർഷമാണ് വൈ.വി.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത്. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ.ചന്ദ്രചൂഡ്, 2016 മേയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. അതിനു മുൻപ് അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു.