രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷാ കാലാവധി ഇളവു ചെയ്തു വിട്ടയ്ക്കാനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. രാഷ്ട്രീയ കുറ്റവാളികളിൽ കൊലപാതക കേസിൽ ഉൾപ്പെട്ട് 14 വർഷം ശിക്ഷ അനുഭവിക്കാത്തവർക്ക് ശിക്ഷാ ഇളവു ലഭിക്കില്ലെന്ന 2018ലെ ഉത്തരവിലെ നിർദേശം പുതിയ ഉത്തരവിൽ ഒഴിവാക്കി. ഇതോടെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പല രാഷ്ട്രീയ തടവുകാർക്കും ശിക്ഷാ ഇളവു ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. കഴിഞ്ഞ മാസം 23ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ശിക്ഷാ ഇളവിന് അനുമതി നൽകിയത്.
ശിക്ഷയുടെ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവ് ലഭിക്കും. മറ്റു ജീവപര്യന്തം തടവുകാർക്ക് പരമാവധി ഒരുവർഷം വരെ ഇളവ് അനുവദിക്കാം. നിലവിൽ രാഷ്ട്രീയ കുറ്റവാളികൾക്ക് ആർക്കും ഇളവു നൽകിയിരുന്നില്ല. കൊലപാതകം, വധഗൂഢാലോചന, വധശ്രമം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ കുറ്റവാളികൾക്കും പുതിയ ഉത്തരവിലൂടെ ഇളവ് ലഭിക്കും.
റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ തടവുകാർക്ക് ശിക്ഷാ ഇളവ് അനുവദിക്കാറുണ്ട്. അതിന്‍റെ ഭാഗമായാണ് മാനദണ്ഡങ്ങൾ തയാറാക്കിയത്. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചവർ, ലഹരിമരുന്നു കേസുകളിൽപ്പെട്ടവർ, രാഷ്ട്രീയ കുറ്റവാളികൾ അടക്കമുള്ളവർക്കാണ് ശിക്ഷാ ഇളവ് നേരത്തേ അനുവദിക്കാതിരുന്നത്.