സുപ്രീംകോടതിയുമായുള്ള നിരന്തര വാക്പോരിനിടെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹര്‍ജികളോ പരിഗണിക്കാന്‍ നില്‍ക്കരുതെന്ന് റിജ്ജു പാര്‍ലമെന്റിൽ പറഞ്ഞു. ഇതിനു പിന്നാലെ മന്ത്രിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
ന്യൂഡല്‍ഹി ഇന്റർനാഷണൽ ആര്ബിട്രേഷന് സെന്ററിനെ ഇന്ത്യ ഇന്റർനാഷണൽ ആര്ബിട്രേഷന് സെന്റർ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുള്ള ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ രാജ്യസഭയിലായിരുന്നു കിരണ്‍ റിജിജുവിന്റെ പ്രസ്താവന.
‘പ്രസക്തമായ കേസുകള്‍ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതിയോട് ഞാന്‍ സദുദ്ദേശ്യത്തോടെ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ജാമ്യാപേക്ഷകളോ നിസ്സാരമായ പൊതുതാല്പര്യ ഹര്‍ജികളോ സുപ്രീം കോടതി കേള്‍ക്കാന്‍ തുടങ്ങിയാല്‍, അത് ഒരുപാട് അധിക ബാധ്യത ഉണ്ടാക്കും’ കിരണ്‍ റിജിജു പറഞ്ഞു.
വിചാരണ കോടതികളില്‍ നാലു കോടിയിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പണവും പിന്തുണയും നല്കുന്നു. എന്നാല്‍ അര്‍ഹരായ ആളുകള്‍ക്ക് മാത്രമേ നീതി ലഭിക്കൂ എന്ന് ഉറപ്പാക്കാന്‍ ജുഡീഷ്യറിയോട് ആവശ്യപ്പെടണമെന്നും റിജിജു വ്യക്തമാക്കി.
കേസുകള്‍ കെട്ടിക്കിടക്കുന്നത് കുറയ്ക്കാന്‍ സര്‍ക്കാര്‍ പല നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതില്‍ സര്‍ക്കാരിന് വളരെ പരിമിതമായ റോളേയുള്ളൂ. കൊളീജിയമാണ് പേരുകള്‍ തിരഞ്ഞെടുക്കുന്നത്, അതല്ലാതെ ജഡ്ജിമാരെ നിയമിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും റിജിജു പറഞ്ഞു.
ജാമ്യാപേക്ഷകള്‍ സുപ്രീംകോടതി കേള്‍ക്കരുതെന്ന് ഒരു നിയമമന്ത്രിക്ക് എങ്ങനെ പറയാന്‍ കഴിയുമെന്ന് ചോദിച്ച് പ്രതിപക്ഷ നേതാക്കളും മുതിര്‍ന്ന അഭിഭാഷകരും റിജിജുനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. മറ്റുനടപടികള്‍ നിര്‍ത്തിവെച്ച് സഭ റിജിജുവിന്റെ പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പൗരസ്വാതന്ത്ര്യം എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് നിയമമന്ത്രിക്ക് അറിയാമോയെന്നും പ്രതിപക്ഷ എം.പിമാര്‍ ആരാഞ്ഞു.