ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചത് സുരക്ഷാ പ്രശ്‌നം മൂലമെന്ന് രാഹുല്‍ ഗാന്ധി. സിആര്‍പിഎഫിനെ യാത്രയില്‍ നിന്ന് പിന്‍വലിച്ചത് മുന്നറിയിപ്പില്ലാതെയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും രാഹുല്‍ ഗാന്ധി അനന്ത്‌നാഗില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പൊലീസ് പെട്ടന്ന് അപ്രത്യക്ഷമായി. കൂട്ടമായെത്തിയ ജനത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ജോഡോ യാത്ര നിര്‍ത്താന്‍ തീരുമാനിച്ചത് എന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്ക്കാലികമായി കോണ്‍ഗ്രസ് നിര്‍ത്തിവച്ചിരിക്കുകയാണ്. രാഹുലിന്‍റേയും ഒപ്പമുള്ളവരുടേയും സുരക്ഷ ഉറപ്പാക്കാത്തതുകൊണ്ടാണ് തീരുമാനം. സുരക്ഷാ ചുമതലയിലുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിന്മാറിയ പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചിരിക്കുന്നത്.
സുരക്ഷ നല്‍കുന്നുണ്ടെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതിയാണ് തങ്ങള്‍ കോണ്‍ഗ്രസിനെ അറിയിച്ചതെന്നുമാണ് സിആര്‍പിഎഫിന്‍റെ വിശദീകരണം. രാവിലെ ജമ്മുവില്‍ നിന്ന് യാത്ര തുടങ്ങി ബനിഹാല്‍ ടവറില്‍ വച്ച് സുരക്ഷ പിന്‍വലിച്ചെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. രാഹുല്‍ ഗാന്ധിയെ നിലവില്‍ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റിയിരിക്കുകയാണ്. മതിയായ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രം കശ്മീരിലൂടെ യാത്ര നടത്തിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനം.