വയനാട് ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി.തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 വയസ് പ്രായം ഉള്ള ആൺ കടുവയാണ് പിടിയിലായത്. കടുവയുടെ പല്ലിന് ചെറിയ പരിക്ക് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കടുവയെ ,ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. വെറ്ററിനറി ഡോക്ടർമാർ കടുവയ്ക്ക് പ്രാഥമിക ചികിൽസ നടത്തും. ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്
വൈൽഡ് ലൈഫ് വാർഡൻ്റെ നേതൃത്വത്തിൽ വിപുലമായ സംഘമാണ് കടുവയ്ക്കായി ദിവസങ്ങളായി തെരച്ചിൽ നടത്തിയത്. ഉൾവനത്തിലടക്കം വനപാലകസംഘം തെരച്ചിൽ നടത്തിയെങ്കിലും അന്ന് ഫലമൊന്നുമുണ്ടായില്ല. മുത്തങ്ങയിൽ നിന്ന് കുങ്കി ആനകളെ എത്തിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും അതും ഫലപ്രദമായില്ല. കടുവയെ കണ്ടെത്താൻ 18 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും മൂന്ന് കൂടുകൾ ഒരുക്കുകയും ചെയ്തിരുന്നു. ചീഫ് വെറ്റിനറി സർജൻ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിൽ മൂന്നംഗസംഘവും ആർആർടി ടീമും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.