ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണര്‍ക്ക് അയച്ചേക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിൽ, അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. സുപ്രിംകോടതി അഭിഭാഷകരില്‍ നിന്നുള്ള നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.
മന്ത്രിസഭായോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമവകുപ്പ് ഓര്‍ഡിനന്‍സ് തയാറാക്കി. ഇന്നു തന്നെ ഇതു ഗവര്‍ണര്‍ക്ക് അയക്കുമെന്നാണ് സൂചന. ഓര്‍ഡിനന്‍സ് ഉടന്‍ തന്നെ നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഗവര്‍ണര്‍ ഒപ്പിടുമെന്ന പ്രതീക്ഷ സര്‍ക്കാരിനില്ല. പകരം രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ സുപ്രിംകോടതിയെ സമീപിക്കുകയും നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുകയുമാകും സര്‍ക്കാര്‍ നീക്കം. ഇതിനുള്ള നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കലാമണ്ഡലം കല്‍പ്പിത സര്‍വകാശാല ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കിയതോടെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് നിയമോപദേശം. ചാന്‍സിലര്‍ നിയമനം സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് എന്നതാണ് പ്രധാന കാരണം.