താജ്മഹലിനെ കുറിച്ച് ചരിത്ര പുസ്തകങ്ങളിൽ നൽകിയിരിക്കുന്ന തെറ്റായ വിവരങ്ങൾ നീക്കം ചെയ്യണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചരിത്രം കുഴിച്ചെടുക്കാനല്ല കോടതികൾ ഉള്ളത്. ഹർജിക്കാരനോട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ സമീപിക്കാനും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
താജ്മഹലിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ ചരിത്ര പുസ്തകങ്ങളിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുർജിത് സിംഗ് യാദവ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. താജ്മഹലിന്‍റെ കാലപ്പഴക്കം കണ്ടെത്താൻ എഎസ്ഐയോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഗൾ ചക്രവർത്തി ഷാജഹാന്‍റെ ഭാര്യ മുംതാസ് മഹലിന്‍റെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് അതിമനോഹരമായ ഒരു മാളിക നേരത്തെ നിലനിന്നിരുന്നതായി തന്‍റെ ഗവേഷണം തെളിയിക്കുന്നതായി ഹർജിക്കാരൻ വാദിച്ചിരുന്നു. മഹത്തായ ശവകുടീരത്തിന്‍റെ വാസ്തുശില്പിയുടെ പേര് പരാമർശിക്കാത്തത് വളരെ വിചിത്രമാണ്. രാജാ മാൻ സിങ്ങിന്‍റെ മാൻഷൻ പൊളിക്കപ്പെട്ടതല്ല, താജ്മഹലിന്‍റെ രൂപത്തിലേക്ക് പുതുക്കിപ്പണിയുക മാത്രമാണ് ചെയ്തതെന്നും ഹർജിയിൽ ഉന്നയിക്കുന്നു.