വാർത്ത സമ്മേളനത്തിൽ നിന്നും മാധ്യമ പ്രതിനിധികളെ ഇറക്കി വിട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ഭരണാധികാരിയുടെ മടിയിൽ കയറിയിരുന്ന് അവരെ സുഖിപ്പിച്ച് മാത്രം സംസാരിക്കുന്ന ഗോദി മീഡിയായി കേരളത്തിലെ മാധ്യമങ്ങളെയും മാറ്റാനാണ് ഗവർണറുടെ ശ്രമം. അതിന് വഴങ്ങികൊടുത്തില്ലെങ്കിൽ പുറത്താക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകിയത്.
നേരത്തെ അനുവാദം വാങ്ങി വാർത്ത സമ്മേളനത്തിന് എത്തിയ മാധ്യമ പ്രവർത്തകരേയാണ് ഗവർണർ പുറത്താക്കിയെന്നത് അത്യന്തം ഗൗരവകരമാണ്. ഈ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നുകയറ്റമാണ്. അടിയന്തരാവസ്ഥക്കാലത്ത് പോലും കേട്ടുകേൾവിയില്ലാത്ത നടപടിയാണ് ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഗവർണറുടെ ഈ നപടി സത്യപ്രതിജ്ഞാ ലംഘനവും, ഭരണഘടനാ ലംഘനവും കൂടിയാണ്.