ബംഗളൂരു : കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. കോൺഗ്രസ് വിജയിച്ചുവെങ്കിലും മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാനാണ് ഇന്ന് യോഗം ചേരുന്നത്.
സിദ്ധരാമയ്യയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലുള്‍പ്പെടെ മുന്നിട്ടു നില്‍ക്കുകയും വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്ത ഡി കെ ശിവകുമാറിനു വേണ്ടിയും നേതാക്കള്‍ രംഗത്തുണ്ട്. കോൺഗ്രസിന്റെ ത്രസിപ്പിക്കുന്ന വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിപദത്തിനായി സമ്മർദ്ദം ശക്തമാക്കി ഡി.കെ. ശിവകുമാറും സംഘവും . എംഎൽഎമാരെ സ്വാധീനിക്കാനും ഒപ്പം നിർത്താനും ഡി.കെ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
അതേസമയം, പ്രവർത്തകരുടെയും ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. 90 പേരെങ്കിലും സിദ്ധരാമയ്യയ്ക്ക് ഒപ്പമുണ്ട്. മുഖ്യമന്ത്രി പദത്തിന് സാധ്യത കൽപ്പിക്കുന്നത് സിദ്ധരാമയ്യയ്ക്കാണ്. മുഖ്യമന്ത്രിയെ കണ്ടെത്താൻ ഇന്ന് നടക്കാനിരിക്കുന്ന നിയമസഭാകക്ഷിയോഗം നിർണായകമാണ്. സമവായമായില്ലെങ്കിൽ തീരുമാനം ഹൈക്കമാൻഡിന് വിടും. ഇങ്ങനെ വന്നാൽ പ്രഖ്യാപനം ഡൽഹിയിലേക്ക് നീളും.
സിദ്ധരാമയ്യയുടെയും ഡികെയുടെയും വീടിന് മുന്നിൽ പ്രവർത്തകർ ഒത്തുകൂടിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ അടുത്ത മുഖ്യമന്ത്രിയെന്ന ബോർഡ് വച്ചാണ് പ്രവർത്തകർ ആഘോഷിക്കുന്നത്. ഡി.കെ. ശിവകുമാറിന്റെ വീടിന് മുന്നിലും ഫ്ലക്സ് വച്ചിട്ടുണ്ട്.