കോൺഗ്രസിൽ നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തരൂരിന്‍റെ പര്യടനം വിഭാഗീയ പ്രവർത്തനമെന്ന പരോക്ഷ സൂചനയാണ് സതീശൻ ഇതുവഴി നൽകുന്നത്.
കോൺഗ്രസിൽ എല്ലാവർക്കും ഇടമുണ്ടെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഘടനയിൽ എല്ലാവരെയും കൂടെനിർത്തും. കോൺഗ്രസിലെ സംവിധാനം അനുസരിച്ച് ആരെയും ഒഴിവാക്കില്ല. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം. യുഡിഎഫ് ശക്തിപ്പെടുമ്പോൾ ദുർബലപ്പെടുത്താൻ പല അജണ്ടയുമുണ്ടാകും. അതിനെ ഫലപ്രദമായി നേരിടും. ‘മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണുകൾ പെട്ടെന്നു പൊട്ടും. ഞങ്ങളൊന്നും അങ്ങനെ പൊട്ടുന്ന ബലൂണല്ല’– തരൂരിന്‍റെ യാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു തരൂരിന്‍റെ പേരു പരാമർശിക്കാതെ പ്രതിപക്ഷ നേതാവ് മറുപടി നൽകി.
കെപിസിസി പ്രസിഡന്‍റ് എഴുതാത്ത കത്ത് എഴുതി എന്നു മാധ്യമങ്ങളിൽ വാർത്ത വന്നുവെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി പ്രസിഡന്‍റിനെ പ്രതിപക്ഷ നേതാവ് വിമർശിച്ചു എന്നും തെറ്റായ വാർത്ത നൽകി. കോൺഗ്രസിനെ തകർക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു ലക്ഷത്തിലധികം വരുന്ന പിൻവാതിൽ നിയമനങ്ങൾ മുഴുവൻ റദ്ദാക്കി വ്യവസ്ഥാപിത മാർഗത്തിലൂടെ സർക്കാർ നിയമനം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കാൻ യുഡിഎഫ് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരം കോർപറേഷനിലെ കത്തു വിവാദത്തിൽ വാലും തുമ്പുമില്ലാത്ത അന്വേഷണമാണ് നടക്കുന്നത്. ക്രൈംബ്രാഞ്ചിനെ സർക്കാർ നാണംകെടുത്തി.