കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ചൈനയിൽ കേസുകളും മരണങ്ങളും വൻതോതിൽ കൂടാനിടയുണ്ടെന്നു റിപ്പോർട്ട്. 2023ൽ 10 ലക്ഷത്തിലേറെ കോവിഡ് മരണങ്ങളുണ്ടാകുമെന്നാണു യുഎസ് കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷന്‍റെ (ഐഎച്ച്എംഇ) പ്രൊജക്‌ഷൻ റിപ്പോർട്ടിൽ പറയുന്നത്.
ജനകീയ പ്രതിഷേധം ശക്തമായതോടെ കോവിഡ‍് നിയന്ത്രണങ്ങളിൽ ചൈന അയവുവരുത്തിയിരുന്നു. അടുത്ത വർഷം ഏപ്രിൽ ഒന്നിന് കേസുകൾ പരമാവധിയിൽ എത്തുമെന്നും മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് ഐഎച്ച്എംഇയുടെ പ്രവചനം. ചൈനയിലെ മൂന്നിലൊന്നു ജനങ്ങൾക്കും ഈ സമയത്തിനകം കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് ഐഎച്ച്എംഇ ഡയറക്ടർ ക്രിസ്റ്റഫർ മറെ പറഞ്ഞു. കോവിഡ് നിയന്ത്രണം മാറ്റിയശേഷം ചൈനയുടെ ആരോഗ്യവിഭാഗം ഔദ്യോഗികമായി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
ചൈനയിലെ അവസാന കോവിഡ് മരണം രേഖപ്പെടുത്തിയിട്ടുള്ളതു ഡിസംബർ മൂന്നിനാണ്; ആകെ മരണം 5,235. ചൈനയുടെ സീറോ കോവിഡ് നയം രോഗവ്യാപനത്തിന്‍റെ തുടക്കത്തിൽ ഫലപ്രദമായിരുന്നു. എന്നാൽ, ഒമിക്രോൺ വകഭേദമുണ്ടായപ്പോൾ രോഗവ്യാപനം തടയാനായില്ലെന്നും ക്രിസ്റ്റഫർ മറെ ചൂണ്ടിക്കാട്ടി. കോവിഡ് വീണ്ടും പടരാൻ തുടങ്ങിയതോടെയാണു ചൈനയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. പല പ്രവിശ്യകളിലും ലോക്ഡൗൺ സമാനമായ സാഹചര്യമായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്.