കോവിഡ്: ചൈനക്കെതിരെ ആരോപണം, ആശുപത്രികളിൽ മൃതദേഹങ്ങൾ നിറയുന്നു

ചൈനയില്‍ വീണ്ടും കോവിഡ് രൂക്ഷമാവുന്നതിനിടെ അവിടുത്തെ സാഹചര്യത്തിന്‍റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മരണക്കണക്ക് ചൈന പുറത്തുവിടുന്നില്ലെന്ന ആരോപണമുയരുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

ഷി ജിന്‍പിങ് സര്‍ക്കാര്‍ അടച്ചിടല്‍നിയന്ത്രണങ്ങള്‍ ഇളവുചെയ്തതോടെയാണ് ചൈനയില്‍ കോവിഡ്-19 കേസുകള്‍ കുതിച്ചുയര്‍ന്നത്. ബെയ്ജിങ്, ഷാങ്ഹായി തുടങ്ങിയ വന്‍നഗരങ്ങളിലെ ആശുപത്രികളില്‍ രോഗബാധിതര്‍ നിറഞ്ഞു. അടുത്ത 90 ദിവസത്തിനുള്ളില്‍ 60 ശതമാനത്തിലേറെ ചൈനക്കാര്‍ക്കും കോവിഡ് ബാധിക്കുമെന്നും ലക്ഷക്കണക്കിനാളുകള്‍ മരിക്കാനിടയുണ്ടെന്നും അമേരിക്കയിലെ സാംക്രമികരോഗവിദഗ്ധനും ആരോഗ്യ-സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗല്‍ ഡിങ് ട്വീറ്റുചെയ്തിരുന്നു.

രോഗികള്‍നിറഞ്ഞ ആശുപത്രിയുടെയും മൃതദേഹങ്ങള്‍നിറഞ്ഞ ആശുപത്രിമുറികളുടെയും ഇടനാഴികളുടെയും ദൃശ്യങ്ങളും അദ്ദേഹം ട്വീറ്റുചെയ്തിരുന്നു. കോവിഡ്ബാധിച്ച് മരിച്ചവര്‍ക്കായി നീക്കിവെച്ച ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ നിറയുകയാണെന്ന് ‘ദ വോള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ടുചെയ്തു.

എന്നാല്‍, കോവിഡിന്‍റെ തുടക്കംമുതല്‍ ഇതുവരെ 5200-ലേറെ മരണമേ ചൈന റിപ്പോര്‍ട്ടുചെയ്തിട്ടുള്ളൂ. ചൈന മരണം കുറച്ചുകാണിക്കുന്നുവെന്ന് ആരോപണമുണ്ട്. അതേസമയം, ശ്വാസകോശപ്രശ്‌നംകാരണമുള്ള മരണങ്ങളെമാത്രമേ കോവിഡ് മരണങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്നുള്ളൂവെന്ന് ചൈന ചൊവ്വാഴ്ച പറഞ്ഞു. തിങ്കളാഴ്ച രണ്ടുപേരും ചൊവ്വാഴ്ച അഞ്ചുപേരും ഇക്കാരണത്താല്‍ മരിച്ചെന്നും അധികൃതര്‍ പറഞ്ഞു.

സാര്‍സ്-കോവി-2 വൈറസിന്‍റെ അതിവേഗം പടരുന്ന ഒമിക്രോണ്‍ വകഭേദത്തിനെതിരേ ചൈനീസ് വാക്‌സിനുകള്‍ ഫലപ്രദമല്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിനുകാരണം. ഒമിക്രോണിന്‍റെ ബിഎഫ്.7 വകഭേദമാണ് ചൈനയില്‍ പടരുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *