ദിവസങ്ങളായി തുടരുന്ന കൊടും തണുപ്പിലും കനത്ത മഞ്ഞുവീഴ്ചയിലും വിറങ്ങലിച്ച് അമേരിക്ക. ക്രിസ്മസ് ദിനത്തില്‍ കഠിനമായ ശൈത്യവും ഹിമപാതവുമാണ് രാജ്യത്ത് അനുഭവപ്പെട്ടത്. കൊടുംശൈത്യത്തില്‍ ഇതിനകം തന്നെ 32 പേര്‍ യു.എസില്‍ മരിച്ചെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍.
ന്യൂയോര്‍ക്കിലെ ബഫലോ നഗരം ഹിമപാതംമൂലം ദുരിതപൂര്‍ണമായി. പല ഇടങ്ങളിലേക്കും അടിയന്തര സഹായങ്ങള്‍ പോലും എത്തിക്കാന്‍ പറ്റാത്തവിധം കനത്ത മഞ്ഞുവീഴ്ചയാണ്. വാഹനങ്ങളൊക്കെ മുന്നോട്ടുപോവാനാവാത്ത വിധം റോഡിനിരുവശവും നിര്‍ത്തിയിട്ടിരിക്കുന്നു. ജീവന്‍ അപകടത്തിലാവുന്ന വിധത്തിലാണ് കാലാവസ്ഥാ മാറ്റമെന്നും ആരും വീടിന് പുറത്തിറങ്ങരുതെന്നും പലയിടങ്ങളിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കിഴക്കന്‍ സ്റ്റേറ്റുകളിലെ രണ്ടുലക്ഷത്തോളം പേര്‍ ക്രിസ്മസ് ദിവസം ഉണര്‍ന്നതുതന്നെ വൈദ്യുതിയില്ലാതെയാണ്. ക്രിസ്മസ് യാത്ര പോലുള്ള പല ആഘോഷപ്പരിപാടികളും ഇക്കാരണത്താല്‍തന്നെ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. അവധിക്കാല ട്രിപ്പ് പ്രതീക്ഷിച്ച ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യേണ്ടിവന്നു. യു.എസിലെ 48 സംസ്ഥാനങ്ങളെയാണ് തണുത്ത കാലാവസ്ഥ പിടികൂടിയത്. വീടുകളില്‍ കഴിയുന്നവര്‍ക്ക് അയല്‍പക്കത്തെ വീടുകള്‍ പോലും കാണാനാവുന്നില്ല.
ഒന്‍പത് സംസ്ഥാനങ്ങളിലായി 13 മരണങ്ങള്‍ കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടുണ്ടായതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് സൂചന.