കൊച്ചി പെറ്റ് ഷോപ്പില്‍ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച കേസ്; എൻജിനീയറിംഗ് വിദ്യാർത്ഥികളായ പ്രതികൾക്ക് ജാമ്യം

കൊച്ചിയില്‍ പെറ്റ് ഷോപ്പില്‍നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച കേസിൽ അറസ്റ്റിലായവര്‍ക്ക് ജാമ്യം. നിഖില്‍, ശ്രേയ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നായ്ക്കുട്ടിയെ ഉടമയ്ക്ക് വിട്ടുനല്‍കി. കേസുമായി മുന്നോട്ടുപോകന്‍ താല്‍പര്യമില്ലെന്ന് കടയുടമ മുഹമ്മദ് ബസിത് കോടതിയെ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു പൂച്ചയെ വാങ്ങുമോ എന്ന അന്വേഷണവുമായി കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പിലെത്തിയ യുവാവും യുവതിയും നായക്കുട്ടിയെ ഹെൽമറ്റിൽ ഒളിപ്പിച്ച് കടത്തിയത്. 15,000 രൂപ വിലയുള്ള നായക്കുട്ടിയെയാണ് കർണാടക ഉടുപ്പി കർക്കല സ്വദേശി കളായ നിഖിലും ശ്രേയയും മോഷ്ടിച്ചത്. ഇവർ പോയ ശേഷമാണ് നായകുട്ടിയെ കാണാനില്ലാത്ത വിവരം കടയുടമയുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവതിയും യുവാവും നായ്‌ക്കുട്ടിയെ മോഷ്ടിച്ചെന്ന വിവരം മനസ്സിലാക്കി. ഇവർ പോയ വഴിയിലെ മറ്റു സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.

വൈറ്റിലയിലുള്ള മറ്റൊരു ഷോപ്പിൽനിന്നു നായയ്ക്കുള്ള തീറ്റയും ഇവർ മോഷ്ടിച്ചതായി കണ്ടെത്തി. പിന്നാലെ കടയുടമ പനങ്ങാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നാലു ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഉഡുപ്പിയിലെ താമസസ്ഥലത്ത് നിന്നും ഇരുവരും പിടിയിലാകുന്നത്. നിഖിലും ശ്രേയയും എൻജിനീയറിങ് വിദ്യാർഥികളാണെന്ന് പൊലീസ് പറഞ്ഞു. ബൈക്കിൽ കൊച്ചിയിലെത്തി നായയെ മോഷ്ടിക്കുകയായിരുന്നു. വളർത്താനായിരുന്നു വില കൂടിയ നായക്കുട്ടിയെ മോഷ്ടിച്ചതെന്നാണ് പോലീസിനോട് ഇവർ മൊഴി നൽകിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *