‘കേന്ദ്ര സേനയെ ആവശ്യപ്പെട്ടത് സർക്കാരല്ല, അദാനി’

വിഴിഞ്ഞം തുറമുഖ പ്രദേശത്ത് സുരക്ഷാപാലനത്തിനു കേന്ദ്രസേനയെ നിയോഗിക്കാന്‍ സംസ്ഥാന സർക്കാർ  ആവശ്യപ്പെട്ടിട്ടിലെന്ന് മന്ത്രി ആന്‍റണി രാജു. അദാനി ഗ്രൂപ്പാണ് കേന്ദ്രസേനയെ ആവശ്യപ്പെട്ടതെന്നും സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി അഭിപ്രായം മാത്രമാണ് ചോദിച്ചതെന്നും മന്ത്രി പറഞ്ഞു. അതിനെ സംസ്ഥാന സർക്കാർ എതിർക്കേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും ആലോചിച്ച് തീരുമാനം അറിയിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. കോടതിയാണ് അന്തിമ തീരുമാനം പറയേണ്ടതെന്നും മന്ത്രി പറഞ്ഞു. 

എൽഡിഎഫിലെ ഒരു മന്ത്രിയും വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരക്കാരെ തീവ്രവാദി എന്നു പറഞ്ഞിട്ടില്ല. മന്ത്രി അബ്ദുറഹിമാൻ ആരെയും തീവ്രവാദി എന്നു വിളിച്ചിട്ടില്ലെന്നു അദ്ദേഹത്തിന്‍റെ പ്രസംഗം മുഴുവൻ കേട്ടാൽ മനസ്സിലാകും. തന്‍റെ സഹോദരനും സമര സമിതി നേതാവുമായ എ.ജെ.വിജയനെക്കുറിച്ചുള്ള ആരോപണത്തിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നു ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. വിഴിഞ്ഞവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് സർക്കാർ വാതിൽ തുറന്നിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്തുന്നില്ല എന്നത് കോൺഗ്രസിന്‍റെ ആരോപണമാണ്. കോൺഗ്രസ് സമരത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി പലതവണ സമരസമിതിയുമായി ചർച്ച നടത്തി. കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട 182 പേർ വാടകവീട്ടിൽ കഴിയാനുള്ള വാടക സർക്കാരിൽനിന്ന് വാങ്ങി കഴിഞ്ഞു. ബാക്കിയുള്ളവർക്ക് വാടക നൽകാൻ സർക്കാർ തയാറാണ്. മത്സ്യത്തൊഴിലാളികൾക്കു വീടു വയ്ക്കാനുള്ള 10 ഏക്കർ സ്ഥലം സർക്കാർ കണ്ടെത്തി. മുതലപ്പൊഴിയിലെ കടലാക്രമണ വിഷയം ചർച്ച ചെയ്യാൻ സബ് കമ്മിറ്റിയെ വച്ചു. തീരശോഷണത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചു. പദ്ധതി നിർത്തിവച്ച് പഠനം നടത്താൻ സാധ്യമല്ല. പദ്ധതി കൊണ്ടുവന്നത് കോൺഗ്രസാണ്. വ്യക്തമായ അഭിപ്രായം പറയാതെ കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം, വിഴിഞ്ഞം തുറമുഖ പ്രദേശത്ത് സുരക്ഷാപാലനത്തിനു കേന്ദ്രസേനയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാർ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന അദാനി ഗ്രൂപ്പിന്‍റെ ചോദ്യത്തിനാണ് സർക്കാർ നിലപാട് അറിയിച്ചത്. ഇക്കാര്യത്തിൽ കോടതി കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടി. കേന്ദ്ര സേനയെ നിയോഗിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് അറിയിക്കാൻ ജസ്റ്റിസ് അനു ശിവരാമൻ നിർദേശിക്കുകയും ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *