രാജ്യസഭയില്‍ കേന്ദ്ര മന്ത്രിമാരെ പ്രശംസിച്ച പി.വി അബ്ദുല്‍ വഹാബ് എം പിയുടെ നടപടിയില്‍ മുസ്ലീം ലീഗില്‍ കടുത്ത അമര്‍ഷം. വഹാബിന്റെ പരാമര്‍ശം മുസ്ലീം ലീഗിനെ പ്രതിരോധത്തിലാക്കി എന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. വിവാദ പരാമര്‍ശത്തില്‍ അബ്ദുല്‍ വഹാബ് പാണക്കാടെത്തി വിശദീകരണം നല്‍കും.
കേന്ദ്രമന്ത്രിമാരായ വി മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയും പുകഴ്ത്തി രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി നടത്തിയ പ്രസംഗമാണ് വിവാദമായത്. ബിജെപിക്കെതിരെ മുസ്ലീം ലീഗ് ശക്തമായ വിമര്‍ശനങ്ങളും സമരങ്ങളും നടത്തുമ്പോള്‍ വഹാബിന്റെ പരാമര്‍ശം ഏറെ ഗൗരവമായി കാണുകയാണ് ഒരു വിഭാഗം ലീഗ് നേതാക്കള്‍.
ബിജെപി അനുകൂല പ്രസ്താവനകളില്‍ കെ സുധാകരനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ലീഗ് നേതൃത്വം വഹാബുമായി ബന്ധപ്പെട്ട വിവാദം നീണ്ടുപോകാതിരിക്കാനാണ് വേഗത്തില്‍ നടപടി എടുത്തത് എന്നാണ് സൂചന.
അടുത്തിടെ മുസ്ലിം ലീഗിനെ സ്തുതിച്ച സിപിഎം നിലപാടിനെ കടുത്ത ഭാഷയില്‍ വി.മുരളീധരന് വിമര്‍ശിച്ചിരുന്നു. ലീഗിനെതിരായ നിലപാട് ബിജെപി സ്വീകരിക്കുന്ന വേളയിലാണു പാര്‍ട്ടി എംപിയും, ദേശീയ ട്രഷററുമായ പി പി അബ്ദുല്‍ വഹാബ് എം പി കേന്ദ്രമന്ത്രിമാരെ പ്രശംസിച്ചത്. ഇതോടെയാണ് പാര്‍ട്ടി നേതൃത്വം വഹാബില്‍ നിന്ന് വിശദീകരണം തേടിയത്.
എന്നാല്‍ സൗഹൃദത്തിന്റെ ഭാഗമായി പറഞ്ഞതാണെന്നും പരാമര്‍ശങ്ങങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും പാണക്കാട് സാദിഖലി തങ്ങളോട് വഹാബ് അനൗദ്യോഗികമായി വിശദീകരിച്ചതായാണ് വിവരം. നാട്ടില്‍ തിരിച്ചെത്തിയ വഹാബ് പാണക്കാട് നേരിട്ടെത്തി തങ്ങളെ കണ്ടേക്കും.