ഫെയ്‌സ്ബുക്കിനെ അടിമുടി പിടിച്ചുലച്ച കേംബ്രിഡ്ജ് അനലിറ്റിക്ക വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കാന്‍ 72.5 കോടി ഡോളര്‍ നല്‍കാമെന്ന് അറിയിച്ച് ഫെയ്‌സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ. എന്നാല്‍ ഇത്രയും തുക നല്‍കി തീര്‍പ്പാക്കാനുള്ള ധാരണ കോടതി അംഗീകരിക്കുമോ എന്നാണ് ഇനിയറിയേണ്ടത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ പരിപാടികള്‍ക്ക് പിന്തുണ നല്‍കുന്ന കേംബ്രിഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനം ഉള്‍പ്പടെ വിവിധ കമ്പനികള്‍ക്ക് ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്.
സ്വകാര്യതയ്ക്കും, വിശ്വാസ്യതക്കും പ്രാമുഖ്യം നല്‍കിക്കൊണ്ട് ജനങ്ങള്‍ ഇഷ്ടപ്പെടുന്ന സേവനങ്ങള്‍ തുടരാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് മെറ്റ പറഞ്ഞു.
അതേസമയം ഈ തുക അടയ്ക്കാന്‍ മെറ്റ ബാധ്യസ്ഥരാണെന്നും അവരെ സംബന്ധിച്ച് ഇതൊരു വലിയ തുകയല്ലെന്നും ടെക്ക് എഴുത്തുകാരനായ ജെയിംസ് ബാള്‍ ബിബിസിക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകളിൽ നിന്നാണ് കേസ് തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്. ഈ നീക്കത്തിന് ഫെഡറല്‍ ജഡ്ജിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.