സർക്കാരിന് തിരിച്ചടി. എ .പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡോ. സിസ തോമസിന് നല്‍കിയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. ഡോ. സിസ തോമസിന് ചുമതല നല്‍കിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തള്ളി. താത്കാലിക വി.സിയായി സിസ തോമസിന് തുടരാം. അവര്‍ക്ക് മതിയായ യോഗ്യതയുണ്ട്. സ്ഥിരം വി.സിയെ ഉടന്‍ നിയമിക്കണമെന്നും കോടതി വ്യക്തമാക്കി.
യു.ജി.സി. മാനദണ്ഡ പ്രകാരം യോഗ്യത ഇല്ലാത്ത അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ നടപടി തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ക്ക് വി.സിയാകാന്‍ സാധിക്കില്ല. ഇത് അറിഞ്ഞുകൊണ്ട് തന്നെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേര് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തെന്നും കോടതി വിമര്‍ശിച്ചു.
വൈസ് ചാന്‍സലറായി സര്‍ക്കാര്‍ നിര്‍ദേശിച്ചത് ഡിജിറ്റല്‍ സര്‍വകലാശാല വി.സിയുടെയും ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും പേരുകളായിരുന്നു. ഇതിന് ചാന്‍സിലര്‍ കാര്യമായ മറുപടിപോലും നല്‍കിയില്ലെന്നാണ് സര്‍ക്കാർ ആരോപിച്ചത്. സീനിയോറിറ്റി അനുസരിച്ച് നാലാം സ്ഥാനത്തുള്ള സിസാ തോമസ് തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നതെന്നതും കണക്കിലെടുത്താണ് ചുമതല നല്‍കിയതെന്നാണ് ചാന്‍സലറുടെ അഭിഭാഷന്‍ വാദിച്ചത്. എന്നാല്‍, സീനിയോറിറ്റിയില്‍ സിസ തോമസ് പിന്നിലാണെന്ന് സര്‍ക്കാര്‍ വാദിക്കുകയുണ്ടായി.
സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിയിരുന്ന ഡോ. എം.എസ്. രാജശ്രീയെ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. യു.ജി.സി. ചട്ടങ്ങള്‍ പാലിക്കാതെയാണ് നിയമനമെന്നു കാട്ടിയായിരുന്നു നടപടി. ഇതിനെ തുടര്‍ന്നു വന്ന ഒഴിവിലേക്കാണ് ഡോ. സിസ തോമസിന് ഗവര്‍ണര്‍ ചുമതല നല്‍കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയന്‍റ് ഡയറക്ടറാണ് സിസ തോമസ്.