പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്‍ററി വിവാദത്തിൽ അകപ്പെട്ടു രാജിവച്ച അനിൽ ആന്‍റണിക്ക് പകരമായി ഡോ. പി.സരിനെ കോൺഗ്രസ് നിയമിച്ചു. അനിൽ വഹിച്ചിരുന്ന കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനമാണ് സരിന് നൽകുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു സരിൻ.
കമ്മിറ്റി പുനഃസംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചു. വീണാ നായർ, രാഹുൽ മാങ്കൂട്ടത്തിൽ, ബി.ആർ.എം. ഷെഫീർ, നിഷ സോമൻ, ടി.ആർ.രാജേഷ്, താരാ ടോജോ അലക്സ് എന്നിവരെ പരിഗണിക്കും. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസത്തിൽ ഉണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററിക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയപ്പോൾ, പ്രദർശിപ്പിക്കുമെന്ന് കോൺഗ്രസ് വെല്ലുവിളിച്ച സമയത്താണ് അനിൽ ആന്‍റണി ബിജെപി അനുകൂല പ്രതികരണം നടത്തിയത്. ബിബിസിയുടെ നടപടി ഇന്ത്യൻ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുൻവിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നുമാണ് അനിൽ ട്വീറ്റ് ചെയ്തത്. ഇത് പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമാകുകയും ഒടുവിൽ രാജിവയ്ക്കുകയുമായിരുന്നു.