കേരള ഫിഷറീസ് സർവ്വകലാശാല (കുഫോസ്) വെെസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, മുൻ വൈസ് ചാൻസലർ ഡോ. റിജി ജോൺ നൽകിയ ഹർജിയിൽ കേസിലെ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. വി.സി. ആയി മറ്റാരെയെങ്കിലും നിയമിച്ചാൽ അത് സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും ഡോ. റിജി ജോണിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും ആവശ്യപ്പെട്ടു. വൈസ് ചാൻസലർ പദവി ഒഴിഞ്ഞുകിടന്നാൽ അത് സർവകലാശാലാ ഭരണത്തെ ബാധിക്കുമെന്ന് ഇരുവരും കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ അതിന് സർക്കാരും ചാൻസലറും ബദൽ ക്രമീകരണങ്ങൾ ഒരുക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു.
കാർഷിക സർവകലാശാലകൾക്ക് യു.ജി.സി. ചട്ടം ബാധകമല്ലെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് മുതിര്‍ന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാർഷിക വിദ്യാഭ്യാസവും ഗവേഷണവും സംസ്ഥാന ലിസ്റ്റിൽപെട്ടവയാണ്. അതിനാൽ ഫിഷറീസ് സർവ്വകലാശാലക്ക് യു.ജി.സി. ചട്ടം ബാധകമല്ല. 1998, 2010, 2018 വർഷങ്ങളിലെ യു.ജി.സി. ചട്ടങ്ങളുടെ പരിധിയിൽനിന്ന് കാർഷിക സർവകലാശാലകളെ ഒഴിവാക്കിയിട്ടുണ്ടെന്നും ഗുപ്ത ചൂണ്ടിക്കാട്ടി. അഭിഭാഷക ആനി മാത്യുവും മുൻ വൈസ് ചാൻസലർക്ക് വേണ്ടി ഹാജരായി.
ഡോ. റിജി ജോണിന്‍റെ വാദത്തെ പൂർണമായും പിന്തുണയ്ക്കുന്നതായി സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചു. കാർഷിക വിദ്യാഭ്യാസം സംസ്ഥാന സർക്കാരിന്‍റെ അധികാരപരിധിയിൽ വരുന്ന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷിക വായ്പയുമായി ബന്ധപ്പെട്ട കേസിൽ പുറപ്പെടുവിച്ച മുൻ ഉത്തരവിൽ സുപ്രീം കോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും വേണുഗോപാൽ വാദിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും ഹാജരായി.
ഡോ. റിജി ജോണിനെതിരേ ഹൈക്കോടതിയിൽ ഹർജി നൽകിയവർക്കു വേണ്ടി സീനിയർ അഭിഭാഷകരായ ജോർജ് പൂന്തോട്ടം, ഡോ. കൈലാസ് നാഥ പിള്ള എന്നിവർ ഹാജരായി. വി.സി. നിയമനത്തിന്റെ സെർച്ച് കമ്മിറ്റിയുടെ ശുപാർശ സുപ്രീം കോടതിയിൽ ഡോ. റിജി ജോൺ ഹാജരാക്കിയില്ലെന്ന് സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ആരോപിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുന്നതിന് മുമ്പ് എതിർ കക്ഷികളെ കേൾക്കണമെന്ന് ഡോ. കൈലാസ് നാഥ പിള്ളയും ആവശ്യപ്പെട്ടു.