തലശ്ശേരിയിൽ നിർത്തിയിട്ട കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ചു. തലശ്ശേരിയിലാണ് സംഭവം. പൊന്ന്യംപാലം സ്വദേശി ഷിനാദ് ആണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തത്. കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡിഐജി വ്യക്തമാക്കി. ക്രൂരതയിൽ പൊലീസിനോട് വ്യക്തത തേടുമെന്ന് ബാലാവകാശ കമ്മിഷനും പ്രതികരിച്ചു. ഷിനാദിനെ ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പൊലീസ് വിട്ടയച്ചിരുന്നു. ഇന്ന് രാവിലെ കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യം പ്രചരിച്ചതോടെയാണ് കേസെടുത്തത്.
കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മർദനമേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്.
ഇന്നലെ രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം നടന്നത്. കൗതുകം തോന്നി വെറുതെ കാറിൽ ചാരി നിൽക്കുകയായിരുന്നു കുട്ടി. നടുവിനു ചവിട്ടേറ്റ് കുട്ടി തെറിച്ചുപോകുന്നതു ദൃശ്യങ്ങളിൽനിന്നു കാണാം. സംഭവം കണ്ട് നാട്ടുകാർ ഇടപെട്ടിരുന്നു. ഒരു അഭിഭാഷകനാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്.