കവിയും നോവലിസ്റ്റുമായ ടി.പി.രാജീവൻ ( 63) അന്തരിച്ചു. വൃക്ക-കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നു ചികിത്സിലായിരുന്നു. ഇന്നലെ രാത്രി 11.30നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇംഗ്ലിഷിലും മലയാളത്തിലും എഴുതുന്ന രാജീവൻ മലയാളത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ്.
കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫിസറും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് സാംസ്കാരിക മന്ത്രിയുടെ ഉപദേഷ്ടാവുമായിരുന്നു. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ എന്ന നോവൽ അതേ പേരിലും, കെ.ടി.എൻ.കോട്ടൂർ–എഴുത്തും ജീവിതവും എന്ന നോവൽ ഞാൻ എന്ന പേരിലും സിനിമയായി. കോട്ടൂർ പഞ്ചായത്തിലെ രാമവനം വീട്ടിലായിരുന്നു താമസം.
1959 ൽ കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ജനിച്ചു. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഡൽഹിയിൽ പത്രപ്രവർത്തകനായിരുന്നു. 1988 ൽ കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്‍റ് ആയി ജോലിയിൽ പ്രവേശിച്ചു. സർവകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫിസർ റാങ്ക് പട്ടികയിൽ ഒന്നാമനായിട്ടും അന്നത്തെ എൽഡിഎഫ് സിൻഡിക്കറ്റ് രാജീവനെ പരിഗണിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് 1991ൽ പിആർഒ ആയി.
ചില ലേഖനങ്ങളും കവിതകളും രാജീവനെ അന്നത്തെ ഇടതു സിൻഡിക്കറ്റിനും സംഘടനകൾക്കും അനഭിമതനാക്കി. വാതിൽ, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, വെറ്റിലച്ചെല്ലം എന്നീ കവിതാസമാഹാരങ്ങൾ മലയാളത്തിലും ഹു വാസ് ഗോൺ ദസ്, കണ്ണകി, തേഡ് വേൾഡ് എന്നിവ ഇംഗ്ലിഷിലും പ്രസിദ്ധീകരിച്ചു.