കൊച്ചി: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും മോൻസൻ മാവുങ്കലും ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഇഡിയും വിവരങ്ങൾ തേടി. മോണ്‍സന്‍റെ മൂന്ന് ജീവനക്കാരിൽ നിന്നുമാണ് ഇഡി മൊഴിയെടുത്തത്. കെ സുധാകരനും ഇഡി നോട്ടീസ് നൽകും. അതേസമയം, ക്രൈംബ്രാഞ്ച് കേസിലെ ചോദ്യം ചെയ്യലിന് കെ സുധാകരൻ ജൂണ്‍ 23ന് ഹാജരാകാൻ നോട്ടീസ് പുറപ്പെടുവിച്ചു.
25 ലക്ഷത്തിന്‍റെ സാമ്പത്തിക തട്ടിപ്പിൽ കള്ളപ്പണ ഇടപാടിലേക്കാണ് ഇഡിയുടെ കണ്ണുകൾ. കെ സുധാകരന് എതിരെ ക്രൈബ്രാഞ്ചിന് മൊഴി നൽകിയ മോൻസന്‍റെ ജീവനക്കാരായിരുന്ന അജി, ജോഷി, ജെയ്സണ്‍ എന്നിവരിൽ നിന്നും ഇഡി വിവരങ്ങൾ തേടി. ഒരു മാസം മുമ്പായിരുന്നു ഇഡി ഇവരെ സമീപിച്ചത്. കേസില്‍ വൈകാതെ കെ സുധാകരനും നോട്ടീസ് നൽകിയേക്കും. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ച കെ സുധാകരൻ പത്ത് ദിവസത്തെ സാവകാശം തേടി. ജൂണ്‍ 23ന് ചോദ്യംചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് പുറപ്പെടുവിച്ചു. കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികളും കെ.സുധാകരൻ തുടങ്ങി.