കറാച്ചി ജയിലിൽ മരിച്ച സുൾഫിക്കറിന്റെ മൃതദേഹം അമൃത്‌സറിൽ കബറടക്കും

പാലക്കാട് : പാക്കിസ്ഥാനിലെ കറാച്ചി ജയിലിൽ മരിച്ച കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ (48) മൃതദേഹം അമൃത്‌സറിൽ എത്തിച്ചു. നാട്ടിലേക്കു കൊണ്ടുവരില്ല, അവിടെത്തന്നെ കബറടക്കും. പഞ്ചാബ് അതിർത്തിയായ അട്ടാരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്ത്യൻ ഫേ‍ാറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഒ‍ാഫിസ് അധികൃതർ പാക്കിസ്ഥാൻ അധികൃതരിൽ നിന്നു മൃതദേഹം ഏറ്റുവാങ്ങി അമൃത്‌സർ കലക്ടർക്ക് ഇന്നലെ കൈമാറി.

മരണവുമായി ബന്ധപ്പെട്ട രേഖകൾ ഇന്നു കൈമാറും. ഉറ്റ ബന്ധുക്കൾ നേരിട്ടെത്തി തിരിച്ചറിഞ്ഞു സ്വീകരിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും, സ്ഥലത്തെത്താൻ കഴിയാത്ത സ്ഥിതിയാണെന്നു വീട്ടുകാർ അറിയിച്ചതിനെത്തുടർന്നാണു കലക്ടർ ഏറ്റുവാങ്ങിയതെന്നാണു വിവരം. മൃതദേഹം സംസ്ഥാന ആഭ്യന്തരവകുപ്പു നിർദേശിക്കുന്ന വിമാനത്താവളത്തിൽ എത്തിച്ച്, ബന്ധുക്കൾ തിരിച്ചറിഞ്ഞശേഷം വിട്ടുകെ‍ാടുക്കാനായിരുന്നു ഉദ്യോഗസ്ഥതലത്തിൽ ധാരണ. എന്നാൽ, സുൾഫിക്കറിന്റെ ഗൾഫിലുള്ള രണ്ടു സഹേ‍ാദരന്മാരിൽ ഒരാൾ അമൃത്‌സറിലെത്തി മൃതദേഹം സ്വീകരിക്കുമെന്ന് ഇന്നലെ ഉച്ചയേ‍ാടെ കുടുംബം പറഞ്ഞതായി പെ‍ാലീസ് അറിയിച്ചു. 

ഗൾഫിലായിരുന്ന സുൾഫിക്കർ 2018 ലാണ് അവസാനമായി നാട്ടിലെത്തിയതെന്നാണു പെ‍ാലീസിനുള്ള വിവരം. ഭീകര വിരുദ്ധ സ്ക്വാഡ് 2020 ൽ സുൾഫിക്കറിനെതിരെ കേസെടുത്തിരുന്നു. ദേശീയ അന്വേഷണ ഏജൻസിയും അന്വേഷണം നടത്തുന്നുണ്ട്. അഞ്ചുവർഷം മുൻപു കാണാതായ സുൾഫിക്കറിനെക്കുറിച്ചു പിന്നീട് വിവരമെ‍ാന്നും ഇല്ലായിരുന്നുവെന്നു വീട്ടുകാരും പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *