ഇനി സാബ്രിയുടെ മൈലാഞ്ചി കൈകളിൽ കഥകളി മുദ്രകൾ വിരിയും. ചരിത്രത്തിൽ ആദ്യമായാണ് കലാമണ്ഡലത്തിൽ മുസ്ലിം സമുദായത്തിൽനിന്ന് കഥകളി പഠിക്കാനായി ഒരു പെൺകുട്ടി എത്തിയത്. തെക്കൻ കഥകളി അഭ്യസിക്കാനാണ് കൊല്ലം അഞ്ചലിൽനിന്ന് ഈ മിടുക്കിയെത്തിയത്. ഇതോടെ കഥകളി അഭ്യസനത്തിൽ പുതുചരിത്രമെഴുതുകയാണ് കേരള കലാമണ്ഡലം.
കഥകളിയിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകി ചരിത്രം സൃഷ്ടിച്ചതിനുപുറമെയാണ് കലാമണ്ഡലത്തിന്റെ പുതിയ ചുവടുവപ്പ്. എട്ടാം ക്ലാസിൽ തെക്കൻ കഥകളിയും വടക്കൻ കഥകളിയും പഠിക്കാൻ ഇത്തവണ എട്ടുപെൺകുട്ടികളാണ് പ്രവേശനം നേടിയത്. കഠിനമായ പരിശീലനമുറകളുള്ളതിനാൽ കഴിഞ്ഞ തവണ മുതലാണ് പെൺകുട്ടികൾക്ക് ഈ വിഭാഗത്തിൽ പ്രവേശനം നൽകിത്തുടങ്ങിയത്. ഡോ. കലാമണ്ഡലം ഗോപി ആശാൻ ആദ്യം മുദ്രകൾ പകർന്ന് നൽകിയതോടെ സാബ്രിയിൽ ആത്മവിശ്വാസത്തിന്റെ പുതിയ പുഞ്ചിരി വിടർന്നു.
അഞ്ചൽ ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽനിന്ന് ഏഴാം ക്ലാസ് കഴിഞ്ഞാണ് സാബ്രി കലാമണ്ഡലത്തിലെത്തുന്നത്. ചെറുപ്പത്തിലേ, കഥകളിയോടും കഥകളി വേഷത്തിനോടും ഇഷ്ടം തോന്നിയ സാബ്രിയുടെ ആഗ്രഹ സാഫല്യം കൂടിയാണ് ഈ പ്രവേശനോത്സവത്തിൽ നിറവേറിയത്. കഥകളി നടക്കുന്ന സ്ഥലങ്ങളിൽ രാത്രി ബാപ്പ നിസാം അമ്മാസിനോടൊപ്പം പോകുമായിരുന്നു. ബാപ്പയാണ് മകളിലെ പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞത്. തുടർന്ന് കലാമണ്ഡലം അധ്യാപകൻ കൂടിയായ കൊല്ലം ചടയമംഗലം സ്വദേശി ആരോമലിന്റെ ശിക്ഷണത്തിൽ പരിശീലനം നേടി. പരിസ്ഥിതി ഫോട്ടോഗ്രാഫറാണ് ബാപ്പ നിസാം അമ്മാസ്. ഉമ്മ അനീഷ . സഹോദരൻ മുഹമ്മദ് യാസീൻ പ്ലസ് ടു വിദ്യാർഥിയാണ്.