ഏതെങ്കിലും വ്യക്തികളുടെ പ്രസ്താവന കോണ്‍ഗ്രസിന്‍റേതല്ല, അനിൽ ആന്‍റണിയെ തള്ളി കെ. സുധാകരൻ

കെപിസിസി ഡിജിറ്റല്‍ സെല്ലിന്‍റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. മോദിക്ക് എതിരായ ബിബിസി ഡോക്യുമെന്‍ററിയെ വിമർശിച്ച അനിൽ ആന്‍റണിയെ പരോക്ഷമായി തള്ളുകയായിരുന്നു സുധാകരൻ. ആ കച്ചിത്തുരുമ്പില്‍ പിടിച്ച് കോണ്‍ഗ്രസിനെ അപഹസിക്കാന്‍ ആരും ശ്രമിക്കേണ്ട. ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും സുധാകരന്‍ പറഞ്ഞു. 

ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ ചരിത്രം ബിബിസി ഡോക്യുമെന്‍ററിയായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ചരിത്ര വസ്തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും തമസ്‌കരിക്കുക എന്നത് സംഘപരിവാര്‍ നയമാണ്. ഗുജറാത്ത് കലാപ കാലത്ത് രാജ്യധര്‍മ്മം പാലിച്ചില്ലെന്ന് മുമ്പ് പറഞ്ഞത് ബിബിസിയുടെ ഡോക്യൂമെന്‍ററിയല്ല ,മറിച്ച് ബിജെപി പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു.

ഗുജറാത്ത് വംശഹത്യയുടെ പൊള്ളുന്ന വസ്തുത ലോകം പണ്ടേ തിരിച്ചറിഞ്ഞതാണ്. അധികാരവും പണക്കൊഴുപ്പും കൊണ്ട് വിലയ്‌ക്കെടുത്ത മാധ്യമങ്ങളെ ഉപയോഗിച്ച് ഇരുള്‍ വീണ ഭൂതകാലം വെള്ളപൂശി വിശുദ്ധരാകാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ബിബിസി ഡോക്യുമെന്‍ററി വിളിച്ച് പറഞ്ഞ സത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. നഗ്നമായ സത്യം പുറംലോകത്തോട് വിളിച്ച് പറയുമ്പോള്‍ അതില്‍ അസഹിഷ്ണുത കാട്ടുന്നത് ജനാധിപത്യത്തിന് തീരെ യോജിച്ചതല്ലെന്ന തിരിച്ചറിവ് ഇരുവര്‍ക്കും ഉണ്ടാകണം. ഡോക്യൂമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നത് മോദി സത്യത്തെ ഭയപ്പെടുന്ന ഒരു ഭീരു ആയതുകൊണ്ടാണ്.

ജനങ്ങളെ മതത്തിന്‍റെയും ഭാഷയുടെയും വേഷത്തിന്‍റയും ഭക്ഷണത്തിന്‍റെയും പേരില്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയം നേട്ടം ഉണ്ടാക്കാനുള്ള സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. നരേന്ദ്രമോദിയും ബിജെപി ഭരണകൂടവും സംഘപരിവാറും വിലക്ക് കല്‍പ്പിച്ച ഗുജറാത്ത് വംശഹത്യയുടെ നേര്‍ചിത്രം വരച്ചുകാട്ടുന്ന ബിബിസിയുടെ ഡോക്യുമെന്‍ററി സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് പ്രദര്‍ശിപ്പിക്കും. അതിനെ തടയാമെന്നത് സംഘപരിവാരിന്‍റെ വെറും വ്യാമോഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *