എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയും വ്യാജരേഖ കുരുക്കിൽ

എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയും വ്യാജരേഖ കുരുക്കിൽ

എസ് എഫ് ഐയിൽ വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിവാദം. എസ് എഫ് ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് പരാതി ഉയർന്നത്. ഒരേസമയം നിഖിൽ രണ്ടിടങ്ങളിൽ നിന്ന് ബിരുദം നേടിയെന്നാണ് പരാതി. പിന്നാലെ ചേർന്ന സി പി എം ജില്ലാ നേതൃയോഗത്തിൽ നിഖിലിനെ എസ് എഫ് ഐ ജില്ലാ കമ്മിറ്റിയിൽ നിന്ന് നീക്കാൻ തീരുമാനമായി. ഇക്കാര്യം സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ ആണ് സ്ഥിരീകരിച്ചത്.

നിലവിൽ കായംകുളം എം എസ് എം കോളേജിൽ രണ്ടാംവർഷ എം കോം വിദ്യാർത്ഥിയാണ് നിഖിൽ. മൂന്ന് മാസം മുൻപാണ് നിഖിലിനെതിരെ പരാതി ഉയർന്നത്. എസ് എഫ് ഐ ജില്ലാ കമ്മിറ്റിയംഗവും കായംകുളം എം എസ് എം കോളേജിലെ നിഖിലിന്റെ ജൂനിയറുമായ വിദ്യാർത്ഥിനിയാണ് പരാതി ഉന്നയിച്ചത്. എം കോം പ്രവേശനത്തിനായി നിഖിൽ സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി.

2018- 2020 കാലഘട്ടത്തിലാണ് നിഖിൽ എം എസ് എം കോളേജിൽ ബികോം പഠിച്ചത്. എന്നാൽ പാസായിരുന്നില്ല. ഇവിടെ പഠിക്കുന്നതിനിടെ കോളേജിൽ യു യു സിയും 2020 സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖിൽ. ഡിഗ്രി പാസാകാത്ത നിഖിൽ 2021ൽ കായംകുളം എം എസ് എം കോളേജിൽ തന്നെ എം കോമിന് ചേർന്നു. 2019- 2021 കാലത്ത് കലിംഗ സർവകലാശാലയിൽ പഠിച്ചതിന്റെ ഡിഗ്രി സർട്ടിഫിക്കറ്റാണ് എം കോം പ്രവേശനത്തിനായി നിഖിൽ ഹാജരാക്കിയത്. ഒരേസമയം എങ്ങനെ രണ്ടിടത്ത് പഠിക്കാനാകുമെന്നാണ് രേഖാമൂലം വിദ്യാർത്ഥിനി പരാതി ഉന്നയിച്ചത്.

തുടർന്ന് എസ് എഫ് ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ നിഖിലിനെ വിളിച്ചുവരുത്തി പരാതിയെക്കുറിച്ച് ചർച്ച ചെയ്തു. യഥാർത്ഥ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പാർട്ടി നിഖിലിനോട് നിർദേശിച്ചു. എന്നാൽ സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് നിഖിൽ വാദം ഉന്നയിച്ചതിനെത്തുടർന്ന് എസ് എഫ് ഐ ജില്ലാ കമ്മിറ്റിയംഗത്വത്തിൽ നിന്ന് നീക്കുകയായിരുന്നു. വിഷയം പാർട്ടി തലത്തിൽ വിശദമായി അന്വേഷിക്കാനാണ് തീരുമാനം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *