എസ്എഫ്ഐ ആൾമാറാട്ടം: കോളജ് പ്രിൻസിപ്പലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എസ്എഫ്ഐ ആൾമാറാട്ടം: കോളജ് പ്രിൻസിപ്പലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ജി ജെ ഷൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർക്കു പകരം എസ്എഫ്ഐ നേതാവിന്റെ പേര് സർവകലാശാലയ്ക്കു നൽകി, പട്ടികയിൽ ഉൾപ്പെടുത്തിയ കേസിൽ തിരുവനന്തപുരം ഏഴാം അഡിഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

സർവകലാശാല റജിസ്ട്രാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

കോളജ് പ്രിൻസിപ്പൽ എന്ന നിലയിൽ സർവകലാശാല ചട്ടങ്ങൾ അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും വ്യാജരേഖ ചമച്ചു എന്നു പറയുന്നതിന് അടിസ്ഥാനമില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ വാദിച്ചു. സംഭവത്തിൽ ഗുഢാലോചന നടന്നു എന്നു പറയുന്നത് പൊലീസ് മാത്രമാണെന്നും പ്രിൻസിപ്പൽ  നിരപരാധിയാണെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. പ്രിൻസിപ്പൽ നടത്തിയത് ഗൂഢാലോചനയാണെന്നും പൊലീസ് അതെല്ലാം അക്കമിട്ട് വിവരിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് മറുപടി നൽകി. 

യൂണിവേഴ്സിറ്റി കൗൺസിലർ സ്ഥാനത്തേക്ക് നിലവിലെ സ്ഥാനാർത്ഥി മത്സരിക്കുന്നില്ല എന്ന് അപേക്ഷ സമർപ്പിച്ചപ്പോൾ മറ്റൊരു മത്സരാർഥിയെ മത്സരിപ്പിക്കാൻ അനുവദിക്കുക മാത്രമാണ് ചെയ്തതെന്നു പ്രതിഭാഗം വാദിച്ചു. വ്യാജരേഖ ചമച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്. അങ്ങനെ ഒരു കാര്യം നടന്നെങ്കിൽ തിരഞ്ഞെടുപ്പ് അധികാരി പരാതി നൽകുമായിരുന്നെന്നും പ്രതിഭാഗം വാദിച്ചു.

കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം എസ്എഫ്ഐ നേതാവായ ആൺകുട്ടിയുടെ പേരു ചേർത്ത് യൂണിവേഴ്സിറ്റിക്ക് പട്ടിക നൽകിയ സംഭവം വിവാദമായതോടെ നേതാവിന്റെ പേര് കോളജ് അധികൃതർ പിൻവലിച്ചിരുന്നു. പ്രിൻസിപ്പലിനെ സ്ഥാനത്തുനിന്നു മാറ്റി. ഡിസംബർ 12നു നടന്ന കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിലെ ആരോമലും അനഘയും ജയിച്ചു. കൗൺസിലർമാരുടെ പേരുകൾ കോളജിൽനിന്നു യൂണിവേഴ്സിറ്റിയിലേക്കു നൽകിയപ്പോൾ അനഘയ്ക്കു പകരം കോളജിലെ ഒന്നാം വർഷ ബിഎസ്‍സി വിദ്യാർഥി എ.വിശാഖിന്റെ പേരാണ് നൽകിയത്. സംഭവം നടക്കുമ്പോൾ എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയായിരുന്നു വിശാഖ്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിരുന്നില്ല.

കോളജുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട യുയുസിമാരിൽനിന്നാണു വോട്ടെടുപ്പിലൂടെ സർവകലാശാല യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുക. വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ ചെയർമാൻ പദവിയിൽ എത്തിക്കാൻ വേണ്ടിയാണ് കോളജ് തലത്തിൽ കൃത്രിമം കാട്ടിയതെന്നാണു ആരോപണം. വിവാദമായതോടെ വിശാഖിനെ എസ്എഫ്ഐയിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *