എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്ചയിലൊരിക്കൽ കാൻസർ പ്രാരംഭ പരിശോധന -മുഖ്യമന്ത്രി

എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്ചയിൽ ഒരുദിവസം കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്ക് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കോടിയേരി മലബാർ കാൻസർ സെന്‍ററിൽ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച്) നവീകരിച്ച ഒ.പി. സമുച്ചയത്തിന്‍റെയും നഴ്‌സുമാരുടെയും വിദ്യാർഥികളുടെയും ഹോസ്റ്റലിന്‍റെയും ഡിജിറ്റൽ പാത്തോളജിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രാരംഭദശയിൽ കാൻസർ കണ്ടെത്താനുള്ള സൗകര്യം സർക്കാർ ആശുപത്രികളിൽ ഒരുക്കും. കാൻസർ സെന്‍റർ, മെഡിക്കൽ കോളേജ്, ജില്ലാ, ജനറൽ, താലൂക്ക് ആസ്പത്രികൾ ഉൾപ്പെടുത്തി ചികിത്സ വികേന്ദ്രീകരിക്കും. കാൻസർ ചെറുക്കുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിക്കും. ലോകത്തിലെ മുൻനിര സ്ഥാപനമായി എം.സി.സി.യെ ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അധ്യക്ഷനായി. കാൻസർ സെന്‍റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം, തലശ്ശേരി നഗരസഭാ ചെയർപേഴ്‌സൺ കെ.എം. ജമുനാറാണി, ഡോ. സംഗീത കെ. നായനാർ, ഡോ. ചന്ദ്രൻ കെ. നായർ, നഗരസഭ കൗൺസിലർ പി. വസന്ത എന്നിവർ സംസാരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *