എട്ടു വൈസ് ചാൻസലർമാരുടെ ശമ്പളം തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്ഭവൻ നിയമോപദേശം തേടി. നിയമനം ലഭിച്ചതു മുതൽ ഇതുവരെ വാങ്ങിയ ശമ്പളം തിരികെ പിടിക്കാനാണ് ആലോചന. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്ത് തിരിച്ചെത്തിയാൽ ഉത്തരവ് ഇറക്കുമെന്നാണ് വിവരം.
യുജിസി ചട്ടം ലംഘിച്ച് നിയമനം നേടിയ വൈസ് ചാൻസലർമാരെ ജോലിയിൽനിന്നു പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കണമെന്നു കാണിച്ച് ഗവർണർ കാരണംകാണിക്കൽ നോട്ടിസ് നൽകിയത്. ഇവരുടെ ശമ്പളം തിരികെ പിടിക്കുന്നത് നിയമപരമാണോ, കോടതിയുടെ തീരുമാനത്തിന് ഇതിൽ എത്രമാത്രം പ്രാധാന്യമുണ്ട് തുടങ്ങിയ കാര്യങ്ങളിലാണ് ഗവർണർ ഇപ്പോൾ നിയമോപദേശം തേടിയത്.
നിയമപരമല്ലാതെ തസ്തികയിലേക്കു വന്നവരുടെ ശമ്പളം തിരികെ പിടിക്കണമെന്ന് നേരത്തെ തന്നെ ഗവർണർക്ക് അഭിപ്രായമുണ്ടായിരുന്നു. ഈ അഭിപ്രായത്തിൽ ഉറച്ചുനിന്നുകൊണ്ടാണ് തുടർ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വിശദമായ നിയമോപദേശം തേടിയിരിക്കുന്നത്.