ഇ.പി.ജയരാജന്‍റെ ചിറകരിയാൻ തീരുമാനിച്ചത് പിണറായിയെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി. ഇ.പിക്കെതിരെയുള്ള പരാതി പിണറായിയുടെ നിർദ്ദേശപ്രകാരമാണ്. പിണറായിക്ക് എതിരെ നിൽക്കുന്നവരുടെ അവസ്ഥയാണിതെന്നും കെ.എം.ഷാജി പറഞ്ഞു. വയനാട് അഞ്ചാം മൈൽ കെല്ലൂരിൽ മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ.എം.ഷാജി.
ഇ.പി.ജയരാജൻ വിവാദത്തിലെ നിലപാട് സംബന്ധിച്ച് ലീഗിനുള്ളിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. ഇ.പി.ജയരാജനെതിരായുള്ള സാമ്പത്തിക ആരോപണം സിപിഐഎമ്മിന്‍റെ ആഭ്യന്തര കാര്യമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിനെ തള്ളി കെ.എം.ഷാജിയും കെ.പി.എ.മജീദും രംഗത്തെത്തി. വിഷയം സിപിഐഎമ്മിന്‍റെ ആഭ്യന്തര കാര്യമല്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഇ.പി.ജയരാജനെതിരെയുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ പിണറായി വിജയനാണെന്നാണ് കെ.എം.ഷാജിയുടെ വാദം.
റിസോര്‍ട്ടില്‍ അടിമുടി ദുരൂഹതയുണ്ട്. സാമ്പത്തിക ഇടപാടില്‍ വലിയ സംശയങ്ങളുണ്ട്. ഇക്കാര്യത്തെ കുറിച്ച് മിണ്ടാതിരിക്കാന്‍ പറ്റില്ല, അന്വേഷിക്കണമെന്നായിരുന്നു കെ.പി.എ.മജീദ് ഫേസ്ബുക്കില്‍ കുറിച്ചത്. വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെ യൂത്ത് ലീഗും രംഗത്തുവന്നു. ആരോപണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.