ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും. കഴിഞ്ഞ കുറച്ചുനാളുകളായി ഇന്‍സ്റ്റഗ്രാമിന്റെ സ്വീകാര്യത വര്‍ധിച്ചുവരികയാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിന്റെയും ഫെയ്ബുക്കിന്റെയും പ്രതിമാസ സജീവ ഉപയോക്താക്കളുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് മാതൃകമ്പനിയായ മെറ്റ. കണക്കുകൾ പ്രകാരം നിലവിൽ ഇൻസ്റ്റഗ്രാമിന്റെ ഉപയോക്താക്കൾ 200 കോടി കടന്നു.
2018 ജൂണിലാണ് ഇന്‍സ്റ്റഗ്രാമിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 100 കോടി കടന്നത്. നാലുവര്‍ഷത്തിനിപ്പുറം സജീവ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാന്‍ കമ്പനിക്കായി. കഴിഞ്ഞ കുറച്ചുനാളുകളായി ഒട്ടനവധി മാറ്റങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമാണ് ഇന്‍സ്റ്റഗ്രാം വിധേയമായിരിക്കുന്നത്. മെറ്റ കൊണ്ടുവന്ന ഈ പരിഷ്കാരങ്ങളെല്ലാം ഇന്സ്റ്റഗ്രാമിന് ഗുണം ചെയ്തുവെന്നാണ് ഉപയോക്താക്കളിലുണ്ടായിരിക്കുന്ന കുതിച്ചുചാട്ടം അടിവരയിടുന്നത്.
ഫോളോ ചെയ്തിരുന്നവരുടെ പോസ്റ്റുകള്‍ ഉപയോക്താക്കളുടെ മുന്നിലെത്തിക്കുന്ന രീതിയാണ് ഇന്‍സ്റ്റഗ്രാം പിന്തുടര്ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അല്‍ഗോരിതം ഉപയോഗിച്ച് ഓരോരുത്തരുടെയും താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള പോസ്റ്റുകള്‍ ഫീഡില്‍ എത്തിക്കുന്നു. ടിക് ടോക്കിലേതിന് സമാനമായ ഷോര്‍ട്ട് വീഡിയോസ് അഥവാ റീല്‍സ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചതും ഇന്‍സ്റ്റഗ്രാമിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് കാരണമായി.