ഇസുദാൻ ഗഡ്‌വി മുഖ്യമന്ത്രി സ്ഥാനാർഥി; ഗുജറാത്ത് അങ്കത്തിനൊരുങ്ങി എഎപി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ ദൃശ്യമാധ്യമ പ്രവർത്തകൻ ഇസുദാൻ ഗഡ്‌വി ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഗുജറാത്തിലെ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും ഇടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് നാൽപ്പതുകാരനായ ഇസുദാൻ ഗഡ്‌വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി എഎപി കണ്ടെത്തിയത്.

നിലവിൽ പാർട്ടിയുടെ ദേശീയ ജോയിന്‍റ് ജനറൽ സെക്രട്ടറിയാണ് ഗഡ്‌വി. മുൻപ് ദൃശ്യമാധ്യമ പ്രവർത്തകനായിരുന്ന ഗസ്‍വി, വാർത്താ അവതാരകനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ദൂരദർശനിലൂടെയാണ് മാധ്യമ പ്രവർത്തകനെന്ന നിലയിൽ ‍തുടക്കം. പിന്നീട് ഗുജറാത്തിലെ ദാങ് ജില്ലയിൽ വനനശീകരണവുമായി ബന്ധപ്പെട്ട 150 കോടി രൂപയുടെ അഴിമതി പുറത്തുകൊണ്ടുവന്ന് ശ്രദ്ധ കവർന്നു. 2021ലാണ് എഎപിയിൽ ചേരുന്നത്.

ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ വിജയകരമായി പരീക്ഷിച്ച മാതൃ‍കയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്ത് പിടിക്കാനും എഎപി അവലംബിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കേജ്‌രിവാളും സംഘവും അഭിപ്രായ വോട്ടെടുപ്പിലൂടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കണ്ടെത്തിയത്. പഞ്ചാബിൽ സമാനമായ രീതിയിൽ ഭഗ്‌വന്ത് മാനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഈ വർഷമാദ്യം തിരഞ്ഞെടുപ്പിനെ നേരിട്ട എഎപി, ചരിത്ര വിജയം നേടിയ അധികാരത്തിലെത്തിയിരുന്നു.

182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി നടത്തുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നു. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *