ന്യൂഡൽഹി : ഗുസ്തി താരങ്ങൾക്ക് അനുകൂലമായ തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ഉത്തർപ്രദേശിലെ സോരം ഗ്രാമത്തിൽ വ്യാഴാഴ്‌ച മഹാപഞ്ചായത്ത് ചേരുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു . രാജ്യത്ത് സിനിമാ താരങ്ങളും സാഹിത്യകാരന്മാരും സമരത്തിന് പിന്തുണയുമായെത്തി. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളും സമരത്തെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് .ഡിവെെഎഫ്‌ഐയും യൂത്ത് കോൺഗ്രസും അടക്കമുള്ള യുവജനസംഘടനകൾ ഐക്യദാർഢ്യ പ്രക്ഷോഭങ്ങൾക്കും ആഹ്വാനം ചെയ്‌തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസിൽ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഡല്‍ഹി പൊലീസ്. നീതിതേടിയുള്ള ഗുസ്‌തി താരങ്ങളുടെ 38 ദിവസം നീണ്ട സമരം രാജ്യമാകെ ഹൃദയംകൊണ്ട് ഏറ്റെടുത്ത ഘട്ടത്തിലാണ് കേന്ദ്രസർക്കാരിനു കീഴിലുള്ള ഡല്‍ഹി പൊലീസ് യുപിയിലെ പ്രമുഖ ബിജെപി നേതാവിന് സംരക്ഷണമൊരുക്കി രംഗത്തുവന്നത്. ബ്രിജ് ഭൂഷണെതിരെ തെളിവില്ലെന്ന നിലപാടിലാണ് പൊലീസ്.
ഗുസ്‌തി താരങ്ങളുടെ ആരോപണം സ്ഥാപിക്കാനും ബ്രിജ് ഭൂഷണെ അറസ്‌റ്റുചെയ്യാനുമുള്ള തെളിവ് അന്വേഷണത്തിൽ ലഭിച്ചില്ല. ഇക്കാര്യം വ്യക്തമാക്കി 15 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രമോ അന്തിമ റിപ്പോർട്ടോ സമർപ്പിക്കുമെന്ന് ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎന്‍ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്‌തു. സുപ്രീംകോടതി ശക്തമായ നിര്‍ദേശം നൽകിയശേഷംമാത്രം ബ്രിജ് ഭൂഷണിനെതിരെ കേസെടുക്കാന്‍ തയ്യാറായ പൊലീസ്, കേസ് അട്ടിമറിക്കുകയാണെന്ന് ഇതോടെ വെളിപ്പെട്ടു.
ഉന്നത പൊലീസ് മേധാവിയുടെ പ്രതികരണം വൻ വിവാദമായതോടെ, മാധ്യമ വാർത്തകൾ കള്ളമാണെന്ന് ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തു. എന്നാൽ, മിനിറ്റുകൾക്കുള്ളിൽ ഔദ്യോഗിക അക്കൗണ്ടിലെ നിഷേധക്കുറിപ്പ് അപ്രത്യക്ഷമായി. ബ്രിജ് ഭൂഷണിനെ രക്ഷിക്കാന്‍ ബിജെപി പൊലീസിൽ വൻ സമ്മർദം ചെലുത്തുന്നുണ്ടെന്ന് ഇതോടെ വെളിപ്പെട്ടു.ഡൽഹി പൊലീസ് അന്വേഷണം പൂർത്തിയാക്കുംവരെ കാത്തിരിക്കണമെന്ന് പ്രതികരണവുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂർ നേരത്തെ രംഗത്തുവന്നിരുന്നു.