ആലപ്പുഴ : റീ ബിൽഡ് കേരളയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച ജ്യോതി ഫ്ലൈഓവർ താൽക്കാലികമായി ഗതാഗതത്തിന് തുറന്നു. പൊങ്ങ ജ്യോതി ജങ്‌ഷനിലെ പള്ളിക്ക് മുന്നിൽ ആരംഭിച്ച് പാറശേരി പാലത്തിൽ സമാപിക്കുന്ന ഫ്ലൈഓവറിന് 350 മീറ്റർ നീളമാണ്. ആലപ്പുഴ – ചങ്ങനാശേരി എസി റോഡ് സെമി എലിവേറ്റഡ് പാതയാക്കുന്നതിന്റെ ആദ്യ ചുവടാണ് ജ്യോതി ഫ്ലൈഓവർ.
16 സ്‌പാനുകളാണു ജ്യോതി ഫ്ലൈഓവറിൽ ഉള്ളത്. മഴക്കാലത്ത് വലിയ വെള്ളക്കെട്ട് അനുഭവപ്പെടുന്ന എസി റോഡിൽ ആകെ അഞ്ചുഫ്ലൈ ഓവറുകളാണ് നിർമിച്ചത്. ജ്യോതിക്ക് പുറമെ, മങ്കൊമ്പ് ഒന്നാംകര, ബ്ലോക്ക്, നസ്രത്ത്, പണ്ടാരക്കളം ഫ്ലൈഓവറുകളാണ് നിർമാണത്തിൽ ഉള്ളത്. ഇതിൽ പണ്ടാരക്കളം ഒഴികെ മറ്റ് മൂന്നെണ്ണവും അടുത്തദിവസങ്ങളിൽ തുറക്കും.
2020 ഒക്‌ടോബർ 12നാണ് എസി റോഡ് എലിവേറ്റഡ് പാതയാക്കാനുള്ള നിർമാണം തുടങ്ങിയത്. 649.7 കോടി രൂപയായിരുന്നു പദ്ധതിത്തുക. ഗതാഗതം തടസപ്പെടുത്താതെ നിയന്ത്രണം ഏർപ്പെടുത്തിയാണ് നിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.