തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. കാട്ടാക്കട കോളജിലെ ആൾമാറാട്ടത്തിലും സംസ്ഥാന സമിതി അംഗത്തിന്റെ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള വിഷയങ്ങളിലുമാണ് വിമർശനം ഉയർന്നത്.
കാട്ടാക്കട കോളജിലെ ആൾമാറാട്ടത്തിൽ ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്നും ചർച്ചയിൽ ആരോപണം ഉയർന്നു. ഒളിവിൽ തുടരുന്ന വിശാഖ് എസ്എഫ്ഐയെ പ്രതിസന്ധിയിലാക്കി. ഏരിയ കമ്മിറ്റിയുടെ അറിവോടെ ആയിരുന്നില്ല ആൾമാറാട്ട ശ്രമം. നടപടി വേണമെന്നും ആവശ്യമുയർന്നു. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന സമിതി അംഗം നിരഞ്ജന്റെ ലഹരി ഉപയോഗത്തിൽ നടപടി എടുക്കാത്തതിലാണ് പ്രതിനിധികൾ വിമർശിച്ചത്. നേരത്തെ നിരഞ്ജൻ മദ്യം ഉപയോഗിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. . എന്നിട്ടും നടപടിയെടുത്തില്ലെന്ന് പാറശാല, വിതുര കമ്മിറ്റികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. ലഹരിമരുന്ന് ഉപയോഗം തെളിവുസഹിതം പുറത്തുവന്നിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ചോദ്യവും ഉയർന്നു.
യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതിയെ ഏരിയ സെക്രട്ടറിയാക്കിയതിലും വിമർശനം ഉയര്‍ന്നു. എസ്.കെ. ആദർശിന് 26 വയസ് കഴിഞ്ഞു. എന്നിട്ടും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തി. പ്ലസ്ടൂ വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളയാളാണ് ആദർശെന്നും പരിഹാസമുണ്ടായി. അതേസമയം, പ്രായമുൾപ്പെടെയുള്ള വിഷയത്തിൽ വിമർശനം ശക്തിപ്പെട്ടതോടെ ഇതിനെ ചെറുക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം. ജില്ലാ നേതാക്കൾ എസ്എസ്എൽസി ബുക്കുമായി സമ്മേളനത്തിന് എത്തിയാൽ മതിയെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിർദേശം.പ്രായം മറച്ചുവച്ച് കമ്മിറ്റികളിൽ എത്തുന്ന വരെ തടയാനാണിത്.