ആളില്ലാത്ത സമയത്ത് പൊലീസ് വീട് കുത്തിതുറന്നു, പൊലീസിനെതിരെ സൈമൺ ബ്രിട്ടോയുടെ ഭാര്യ

കൊച്ചി സിറ്റി പൊലീസിനെതിരെ പരാതിയുമായി അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. താനില്ലാത്ത സമയത്ത് വീട് പൊലീസ് കുത്തിത്തുറന്നുവെന്നാണ് പരാതി. കമ്മീഷണർക്കാണ് പരാതി നൽകിയത്. ഞാറയ്ക്കൽ പൊലീസിൽ നിന്നെന്ന് പറഞ്ഞ് ഒരു സംഘം പൊലീസ് വീട് കുത്തിത്തുറന്നുവെന്നാണ് സമീപവാസി കൂടെ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സീന പരാതി നൽകിയത്.

എറണാകുളം വടുതലയിലെ വീട്ടിലാണ് നടപടിക്രമങ്ങൾ പാലിക്കാതെ പൊലീസ് സംഘം എത്തിയത്. കുത്തുകേസിലെ പ്രതി ഒളിവിലിരിക്കുന്നുവെന്ന പേരിൽ എത്തിയ സംഘം വീട് കുത്തിത്തുറന്നുവെന്നാണ് പരാതി. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ പത്ത് പവനോളം വരുന്ന ആഭരണങ്ങൾ പിന്നാലെ കാണാതായെന്ന് പരാതിയിൽ പറയുന്നു.  ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്കാരങ്ങളിൽ ചിലതും കാണാതായിട്ടുണ്ട്.

നടപടിക്രമങ്ങൾ പാലിക്കാതെയാണ് പൊലീസ് ചില സാമൂഹ്യദ്രോഹികളുടെ സഹായത്തോടെ വീട് കുത്തിപ്പൊളിച്ചതെന്നും സീന ആരോപിക്കുന്നു. മകളുടെ പഠനാവശ്യത്തിനായി ദില്ലിയിലാണ് സീന താമസിക്കുന്നത്. സീനയെ അറിയിക്കാതെയാണ് പൊലീസ് എത്തിയത്. അടുത്ത് താമസിക്കുന്ന ബന്ധുക്കളോടും പൊലീസ് വിവരം പറഞ്ഞില്ല. ഒരു മാസം മുൻപ് താൻ വീട് വാടകയ്ക്ക് നൽകിയിരുന്നതാണെന്നും പരാതിയിൽ പറയുന്നുണ്ട്.

തിങ്കളാഴ്ച പുലർച്ചെയാണ് പൊലീസ് ഈ വീട്ടിലെത്തിയത്. വീടിന്‍റെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്നിരുന്നു. വീട് വാടകയ്ക്ക് കൊടുത്തിരുന്നുവെങ്കിലും ആഭരണങ്ങളും മറ്റും വീട്ടിൽ സൂക്ഷിച്ചിരുന്നു.  ലിപിൻ ജോസഫ് എന്ന, കൊച്ചിയിലെ ഗുണ്ടാ തലവനായ ഭായ് നസീറിന്‍റെ സംഘത്തിൽ പെട്ടയാളെ ആയുധം കൈവശം വെച്ച സംഭവത്തിൽ പൊലീസ് തിരയുന്നുണ്ടായിരുന്നു. ടവർ ലൊക്കേഷൻ പ്രകാരം വടുതലയിലെ വീട്ടിലായിരുന്നു പ്രതി ഉണ്ടായിരുന്നതെന്ന് ഞാറയ്ക്കൽ പൊലീസ് പറയുന്നു. ഇത് അനുസരിച്ചാണ് പുലർച്ചെ വീട്ടിലെത്തിയതെന്നും പൊലീസ് പറയുന്നു.

ആലപ്പുഴ സ്വദേശിയായ വിഷ്ണുവിനാണ് സീന വീട് വാടകയ്ക്ക് നൽകിയിരിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകനായ ഇയാൾ നേരത്തെ ചില കേസുകളിൽ പ്രതിയാണെന്ന സംശയമുണ്ട്. ലിപിൻ ജോസഫും വിഷ്ണുവും ഈ വീട്ടിൽ ആണ് താമസിച്ചിരുന്നതെന്നാണ് പൊലീസ് നിഗമനം. അതേസമയം വീട് സൈമൺ ബ്രിട്ടോയുടേത് ആയിരുന്നുവെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. വീട് തുറക്കുന്ന സമയത്ത് സമീപവാസിയായ സ്ത്രീയെ പൊലീസ് ഒപ്പം നിർത്തിയിരുന്നു. പ്രതി ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനം ഈ വീട്ടിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *