ആന്‍റണി പറഞ്ഞത് കോൺഗ്രസ് നിലപാടെന്ന് ചെന്നിത്തല

മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ആകെയുള്ള സ്ഥിതിഗതികൾ വിലയിരുത്തിയാണ് എ.കെ. ആന്‍റണിയുടെ പ്രസ്താവനയെന്ന് ചെന്നിത്തല പറഞ്ഞു. കുറിതൊട്ടാലൊന്നും ആരും ബി.ജെ.പി. ആകില്ല. ഡൽഹിയിൽ ചില പരിപാടികൾ ഉള്ളതുകൊണ്ടാണ് യു.ഡി.എഫ്. യോഗത്തിൽ പങ്കെടുക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.

‘ഇന്ത്യയിൽ ഒട്ടാകെയുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് ആന്‍റണി അക്കാര്യം പറഞ്ഞത്. അത് ശരിയായ നിലപാടാണ്. അതിൽ യാതൊരു തെറ്റുമില്ല. എല്ലാവരേയും ഉൾക്കൊണ്ടു പോകുക എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രഖ്യാപിതമായ നയം. അതാണ് അദ്ദേഹം പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി.ജെ.പി. ആവില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബി.ജെ.പി. ആകുമോ. അതൊക്കെ വിശ്വാസത്തിന്‍റെ കാര്യങ്ങളാണ്. അങ്ങനെ ചിത്രീകരിക്കാൻ ബി.ജെ.പിയെ സിപിഎം ശ്രമിക്കുന്നതിനേയാണ് എ.കെ. ആന്‍റണി എതിർത്തത്’, ചെന്നിത്തല പറഞ്ഞു.

“മുസ്‌ലിമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തിൽപോയാൽ, നെറ്റിയിൽ തിലകംചാർത്തിയാൽ, ചന്ദനക്കുറിയിട്ടാൽ ഉടൻതന്നെ അവർ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂ’’, എന്നായിരുന്നു കോൺഗ്രസിന്‍റെ 138-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യവെ എ.കെ. ആന്‍റണി പറഞ്ഞത്‌. ഇതിനെതിരെ കോൺഗ്രസിനകത്ത് തന്നെ ഭിന്നത രൂപപ്പെട്ടിരുന്നു.

കോൺഗ്രസ് സാമുദായിക സംഘടനയല്ല. ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ നിലപാട് സ്വീകരിക്കാൻ ആവില്ല. എല്ലാ വിഭാഗക്കാരേയും ഉൾക്കൊള്ളുന്ന സംവിധാനമാണ് കോൺഗ്രസിന്‍റേത് എന്ന് വ്യക്തമാക്കിക്കൊണ്ട് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. രംഗത്തെത്തിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *