കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന കേസിൽ ഹൈക്കോടതി വിധി പറയുന്നതിനിടെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ്.
‘അർപ്പുതാമ്മാളിന്‍റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂ. മാധ്യമങ്ങളിൽ വന്ന വാർത്തയോടായിരുന്നു എന്‍റെ പ്രതികരണം. ഒന്നും രണ്ടുമല്ല പല മാധ്യമങ്ങളിൽ വന്ന വാർത്തയോട്’. എന്ന് പ്രിയ ഫേസ്ബുക്കിൽ കുറിച്ചു.
നാഷ്ണൽ സർവീസ് സ്‌കീമിന്‍റെ കോർഡിനേറ്റർ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ അധ്യാപനത്തിന്‍റെ ഭാഗമാക്കാൻ കഴിയില്ലെന്നും, ആ സമയത്ത് നടത്തിയ ‘കുഴിവെട്ട്’ പ്രവർത്തിപരിചയമല്ലെന്നുമായിരുന്നു കോടതി നേരത്തെ പറഞ്ഞിരുന്നത്. ‘കുഴിവെട്ട്’ എന്ന് പറഞ്ഞിട്ടില്ലെന്ന് ഇന്ന് കോടതി വ്യക്തമാക്കി. എന്നാൽ നിരവധി മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു എന്നാണ് പിയ വർഗീസ് വിശദീകരിക്കുന്നത്.