കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്റേതായി പ്രചരിക്കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സര്‍വകലാശാല റജിസ്ട്രാര്‍. രേഖ കേരള സര്‍വകലാശാലയുടേത് അല്ലെന്നും അതിലുള്ള വിസിയുടെ ഒപ്പും സീരിയല്‍ നമ്പറും വ്യാജമാണെന്നും റജിസ്ട്രാര്‍ വ്യക്തമാക്കി. സര്‍വകലാശാലയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നതിനാലാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ബിഎയ്ക്ക് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ലെന്നും അതുകൊണ്ട് തന്നെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്നും അന്‍സില്‍ ജലീല്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. തുടര്‍പഠനത്തിനോ ജോലിക്കോ ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടില്ലെന്നും നിലവില്‍ ജോലി ചെയ്യുന്നത് പ്ലസ്ടു യോഗ്യതയുള്ള തസ്തികയിലാണെന്നും അന്‍സില്‍ പറഞ്ഞു. അന്‍സിലിന്റെ പേരിലുള്ള കൊമേഴ്സ് ഡിഗ്രിയുടെ സര്‍ട്ടിഫിക്കറ്റാണ് വ്യാപകമായി പ്രചരിച്ചത്.