കണ്ണൂർ സർവകലാശാലയിൽ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമന വിഷയത്തിൽ എങ്ങനെയാണു സ്ക്രീനിങ് കമ്മിറ്റി യോഗ്യതാ രേഖകൾ വിലയിരുത്തിയതെന്ന് സർവകലാശാലയോടു ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും കോടതി പറഞ്ഞു. രജിസ്ട്രാറുടെ സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയാ വർഗീസിനെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമിച്ചതെന്നാണ് സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരന്റെ ഹർജി അപക്വമാണെന്നും ഹർജി തള്ളണമെന്നും സർവകലാശാല ആവശ്യപ്പെട്ടിരുന്നു.
രണ്ടാം റാങ്കുകാരൻ ഡോ. ജോസഫ് സ്കറിയ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് പ്രിയയുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തത്. പ്രിയാ വർഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ല എന്നായിരുന്നു കേസ് പരിഗണിക്കുമ്പോൾ യുജിസി കോടതിയെ അറിയിച്ചത്. ഇതിനു വിരുദ്ധമായാണ് സർവകലാശാല സത്യവാങ്മൂലം സമർപ്പിച്ചത്. പ്രിയാ വർഗീസിന്റെ നിയമനം സർവകലാശാല ചാൻസലർ കൂടിയായ ഗവർണറും മരവിപ്പിച്ചിരുന്നു.