അസിം മുനീർ പാക്ക് സൈനിക മേധാവി; ഇമ്രാൻ പുറത്താക്കിയ ഐഎസ്‌ഐ തലവൻ

പാക്കിസ്ഥാന്‍റെ അടുത്ത സൈനിക മേധാവിയായി ലഫ്. ജനറൽ അസിം മുനീറിനെ നിയമിച്ചു. ആറു വർഷത്തെ സേവനത്തിനുശേഷം നവംബർ 29ന് വിരമിക്കുന്ന നിലവിലെ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്ക്കു പകരമാണ് അസിം മുനീറിന്‍റെ നിയമനം. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി, മിലിട്ടറി ഇന്‍റലിജൻസിന്‍റെ തലവൻ, നോർത്തേൺ കമാൻ‍ഡ് കമാൻഡർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‍രീക്–ഇ–ഇൻസാഫ് (പിടിഐ) തലവനുമായ ഇമ്രാൻ ഖാനും പാക്കിസ്ഥാൻ കൂട്ടുകക്ഷി സർക്കാരുമായുള്ള ഏറ്റുമുട്ടൽ കനക്കുന്നതിനിടയിയിലാണ് ഇമ്രാന്‍ ഖാന്‍റെ കണ്ണിലെ കരടായ അസിം മുനീറിനെ സൈനിക മേധാവിയായി നിയമിക്കാനുള്ള പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ നിർണായക തീരുമാനം. ജോയിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്‌സി) ചെയർമാനായി  ലഫ്. ജനറൽ സാഹിർ ഷംഷാദ് മിർസയെയും തിരഞ്ഞെടുത്തു. 

അസിം മുനീറിന്‍റെ നിയമനത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും നിയമനം ഭരണഘടാനുസൃതമാണെന്നും പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു. ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ പിൻഗാമിയാകാൻ ഏറ്റവും യോഗ്യതയുള്ള ആൾ അസിം മുനീറാണെന്നും പാക്ക് പ്രതിരോധമന്ത്രി പറഞ്ഞു. 6 വർഷകാലം പാക്ക് സൈനിക മേധാവിയുടെ കസേരയിലിരുന്ന 61കാരനായ ജനറല്‍ ബജ്‌വയുടെ സേവനകാലാവധി നീട്ടിനല്‍കേണ്ടതില്ലെന്നു പാക്ക് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഐഎസ്ഐ മേധാവിയായിരിക്കെ ഇമ്രാൻ ഖാന്‍റെ അനിഷ്ടത്തെ തുടർന്ന് മുനീറിനെ നീക്കുകയായിരുന്നു. പിന്നീട് ഇമ്രാൻ ഖാന്റെ അടുപ്പക്കാരനെ ഐഎസ്ഐ മേധാവിയായി നിയമിച്ചു. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *