ഓൺലൈൻ പോണോഗ്രാഫിയുടെ അപകടങ്ങളെക്കുറിച്ച് പുരോഹിതന്മാർക്കും കന്യാസ്ത്രീകൾക്കും ഉപദേശവുമായി ഫ്രാൻസിസ് മാർപ്പാപ്പ. അശ്ലീല വീഡിയോകൾ കാണരുതെന്നും പോൺ വീഡിയോകൾ ഫോണിൽ നിന്ന് മായ്ച്ച് കളയണമെന്നും മാർപ്പാപ്പ പറഞ്ഞു. അതോടൊപ്പം സമൂഹമാധ്യമങ്ങളിൽ കൂടുതൽ സമയം പാഴാക്കരുതെന്നും മാർപ്പാപ്പ ഉപദേശിച്ചു. അശ്ലീല വീഡിയോകള്‍ പുരോഹിതരുടെ ഹൃദയത്തെ ദുർബലപ്പെടുത്തുന്ന പ്രലോഭനമെന്നാണ് മാർപ്പാപ്പ വിശേഷിപ്പിച്ചത്.തിങ്കളാഴ്ച വത്തിക്കാനിൽ നടന്ന യോഗത്തിൽ വൈദികരുടെയും വൈദിക വിദ്യാർത്ഥികളുടെയും വിവിധ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മാർപ്പാപ്പ.
സാധാരണക്കാരായ സ്ത്രീകളും പുരുഷൻമാരും എന്തിന്, കന്യാസ്ത്രീകൾ വരെ ഇത്തരം അശ്ലീല ദൃശ്യങ്ങൾ കാണുന്നു. പുരോഹിതരും ഇക്കൂട്ടത്തലുണ്ട്. ഞാൻ പറയുന്നത് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം പോലുള്ള ക്രിമിനൽ സ്വഭാവമുള്ള അശ്ലീല ദൃശ്യങ്ങളെ കുറിച്ച് മാത്രമല്ല, വളരെ സാധാരണമായ പോണോഗ്രഫിയെ കുറിച്ചുകൂടിയാണ്. ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവർ അശ്ലീല ദൃശ്യങ്ങൾ കാണുന്നതിൽനിന്ന് മാറി നിൽക്കണം- എന്നുമായിരുന്നു മാർപാപ്പയുടെ വാക്കുകൾ.