ജെബി മേത്തര്‍ എംപിക്കെതിരെ നിയമനടപടിയുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലേക്ക് കേണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ജെബി മേത്തര്‍ നടത്തിയ പരാമര്‍ശം അപകീര്‍ത്തികരണമാണെന്നാണ് പരാതി. എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാപ്പ് പറയാന്‍ തയ്യാറല്ലെന്നും ജെബി മേത്തര്‍ എംപി പ്രതികരിച്ചു.
മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധം നടത്തിയത്. നഗരസഭയുടെ പ്രധാന കവാടത്തിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് അവിടെ നിന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ഒരു പെട്ടിയുമായി കടന്നുവന്നത്.
കട്ട പണവുമായി മേയര്‍ കുട്ടി കോഴിക്കോട്ടേക്ക് വിട്ടോളൂ, പെട്ടി മഹിളാ കോണ്‍ഗ്രസ് വക എന്നായിരുന്നു പെട്ടിയില്‍ എഴുതിയിരുന്നത്. പ്രസ്താവനയിലെ സ്ത്രീവിരുദ്ധത മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴും തിരുത്താന്‍ ജെബി മേത്തര്‍ എംപി തയ്യാറായിരുന്നില്ല. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ വീടാണ് പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതം ആ അര്‍ത്ഥത്തിലാണ് താന്‍ അങ്ങനെ പറഞ്ഞതെന്നായിരുന്നു എംപിയുടെ പ്രതികരണം.