അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നെന്ന് സൂചന; ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തി

കാസർകോട്ട് പെരുമ്പള ബേനൂരിൽ കോളജ് വിദ്യാർത്ഥിനി കെ. അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കൽ കോളജിൽ വിദ്യാർഥിനിയുടെ പോസ്‌റ്റുമോർട്ടം നടത്തിയ സർജൻ പൊലീസിനോട് സൂചിപ്പിച്ചിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇതു കരളിനെ ബാധിച്ചതിനെത്തുടർന്നാണു മരണമെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.

പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്‍റെ ലക്ഷണമാണ് സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തൽ. എലിവിഷത്തെ കുറിച്ച് മൊബൈലിൽ സെർച്ച് ചെയ്തതിന്‍റെ വിവരങ്ങളും ആത്മഹത്യാക്കുറിപ്പ്‌ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ രാസ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരികരിക്കുകയുള്ളു.

പെരുമ്പള ബേനൂർ ശ്രീനിലയത്തിൽ പരേതനായ എ.കുമാരൻ നായരുടെയും കെ.അംബികയുടെയും മകളായ അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 5.15നാണു മരിച്ചത്. 31ന് ഹോട്ടലിൽനിന്ന് ഓൺലൈനായി ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചശേഷമായിരുന്നു മരണമെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും തുടർന്നു ഹോട്ടൽ ഉടമയെയും 2 ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 

വിദ്യാർത്ഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നു തിരിച്ചറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും ഹോട്ടൽ അടപ്പിച്ചു ഭക്ഷണസാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അഞ്ജുശ്രീ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *