ഹിമാചൽ പ്രദേശിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ചെങ്കൊടി പാറിച്ച സിപിഎമ്മിന് ഇത്തവണ ആ സീറ്റും നഷ്ടമായി. തിയോഗിലെ സിറ്റിങ് സീറ്റിൽ മത്സരിച്ച സിപിഎം സ്ഥാനാർഥി രാകേഷ് സിംഘയെ കോൺഗ്രസിന്റെ കുൽദീപ് സിങ് റാത്തോഡാണ് പിന്നിലാക്കിയത്. ബിജെപി സ്ഥാനാർഥി അജയ് ശ്യാമിനും സ്വതന്ത്ര സ്ഥാനാർഥി ഇന്ദു വർമയ്ക്കും പിന്നിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാകേഷിന് 12,000 ഓളം വോട്ടുകളാണ് നേടാനായത്.
2017ല്‍ സിപിഎം ജയിച്ച ഏക സീറ്റാണ് തിയോഗ്. അന്ന് ബിജെപിയുടെ രാകേഷ് വർമയെ പിന്തള്ളി, 25,000ത്തോളം വോട്ടു നേടിയാണ് രാകേഷ് സിംഗ നിയമസഭയിലെത്തിയത്. 42.18 വോട്ട് വിഹിതം നേടിയ അദ്ദേഹത്തിന് അന്ന് 1983 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. 2012ല്‍ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നേരിട്ടു തിരഞ്ഞെടുപ്പു നടന്നപ്പോള്‍, മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ നേടിയതു സിപിഎമ്മായിരുന്നു.